Connect with us

From the print

യുക്രൈൻ മുതൽ ഗസ്സ വരെ; പ്രധാനമന്ത്രി പദം സ്റ്റാർമറിന് മുൾക്കിരീടം

ആരോഗ്യ മേഖലയിലടക്കമുള്ള ആഭ്യന്തര സമരങ്ങളും വെല്ലുവിളി

Published

|

Last Updated

ലണ്ടൻ | ഒരു പതിറ്റാണ്ടിനപ്പുറത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണം അവസാനിപ്പിച്ച് അധികാരം പിടിച്ചെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി പദം കിയ്ർ സ്റ്റാർമറിന് മുൾക്കിരീടമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പുറമെ അന്താരാഷ്ട്ര വെല്ലുവിളികളും സ്റ്റാർമറെ കാത്തിരിക്കുകയാണ്. അയവില്ലാതെ തുടരുന്ന യുക്രൈനിലെ റഷ്യൻ അധിനിവേശം, ഗസ്സയിലെ ഇസ്‌റാഈൽ കൂട്ടക്കുരുതി, യു കെ യിലെ ജൂനിയർ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പ്രതിഷേധം എന്നിവ വരെ പട്ടികയിൽ പ്രധാനമാണ്. കൺസർവേറ്റീവ് ഭരണത്തിൽ താറുമാറായ സന്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പും വെല്ലുവിളിയാണ്.
യുക്രൈൻ അധിനിവേശം
റഷ്യയുമായി പൊരുതുന്ന യുക്രൈന് 380 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഈ വർഷം ബ്രിട്ടൻ നൽകുക. വരും വർഷങ്ങളിലും യുക്രൈനുള്ള സഹായം നിർത്തില്ലെന്നാണ് അനുമാനം. യുക്രൈനുള്ള സൈനിക, സാമ്പത്തിക, നയതന്ത്ര, രാഷ്ട്രീയ പിന്തുണ സ്ഥിരതയുള്ളതായി തുടരുമെന്ന് ലേബർ പാർട്ടിയുടെ പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു.
ഫലസ്തീൻ
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നാണ് കിയർ സ്റ്റാർമറുടെ നിലപാട്. സമാധാന പ്രക്രിയയിൽ ശരിയായ സമയത്ത് ഫലസ്തീനെ അംഗീകരിക്കേണ്ടതായി വരുമെന്ന് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സുരക്ഷിതമായ ഇസ്‌റാഈൽ, പരമാധികാരമുള്ള ഫലസ്തീൻ എന്നതാണ് ഇസ്‌റാഈൽ- ഫലസ്തീൻ വിഷയത്തിൽ ലേബർ പാർട്ടിയുടെ പ്രകടന പത്രികയിൽ പറയുന്നത്.
ചൈനീസ് ബന്ധം
ചൈനയുമായുള്ള ബന്ധം കൈകാര്യം ചെയ്യാനായി ദീർഘകാലം നീണ്ടുനിൽക്കുന്നതും തന്ത്രപരമായതുമായ സമീപനം കൊണ്ടുവരുമെന്നാണ് ലേബർ പാർട്ടി പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളത്. ആഗോള സമ്പദ് വ്യവസ്ഥയിൽ ചൈന കരുത്താർജിക്കുന്നത് തടയാൻ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ബദൽ സംവിധാനങ്ങൾ കൊണ്ടുവരുമെന്ന് നേരത്തേ പല ഉച്ചകോടികളിലും പറഞ്ഞിരുന്നു. ബ്രിട്ടനും ഇതിനെ അനുകൂലിച്ചിരുന്നു.
ഈ വർഷം ആദ്യം ബ്രിട്ടനിലെ ചൈനീസ് അംബാസഡറെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി, സൈബർ ആക്രമണം, ചാരപ്രവൃത്തി എന്നിവ അംഗീകരിക്കാൻ കഴിയില്ലെന്ന് കർശനമായി അറിയിച്ചിരുന്നു.
ആരോഗ്യ വെല്ലുവിളി
ബ്രിട്ടനിലെ ആരോഗ്യ മേഖലയിൽ തുടരുന്ന സമരങ്ങൾ പുതിയ സർക്കാറിന് വലിയ വെല്ലുവിളി ഉയർത്തും. കഴിഞ്ഞ 18 മാസമായി രാജ്യത്തെ ജൂനിയർ ഡോക്ടർമാർ നിരന്തരമായ സമരങ്ങളിലാണ്. 35 ശതമാനം വേതന വർധനവാണ് ഡോക്ടർമാരുടെ ആവശ്യം. പത്ത് ശതമാനം വർധനവാണ് ഇവർക്ക് സർക്കാർ നൽകിയ വാഗ്ദാനം. ആരോഗ്യ മേഖലയെ സമരം വലിയ തോതിൽ ബാധിച്ചിരുന്നു. രാജ്യത്തെ ആശുപത്രികളിൽ നഴ്‌സുമാരുടെ എണ്ണത്തിലും വലിയ കുറവുണ്ടെന്ന് റിപോർട്ട് വന്നിരുന്നു. റോയൽ കോളജ് ഓഫ് നഴ്‌സിംഗ് നടത്തിയ പഠനത്തിൽ മൂന്നിലൊന്ന് ഷിഫ്റ്റുകളിൽ മാത്രമേ ആവശ്യത്തിന് നഴ്‌സുമാർ ഉള്ളൂവെന്ന് കണ്ടെത്തി. നഴ്‌സ്- രോഗി അനുപാതം അപകടകരമായ അവസ്ഥയിലാണെന്നും റിപോർട്ടിൽ പറയുന്നു. അതിനിടെ, അടിയന്തരമല്ലാത്ത ചികിത്സക്കായി കാത്തിരിക്കുന്നവരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇരട്ടിയായി 80 ലക്ഷത്തിലെത്തി എന്നാണ് കണക്ക്.
തങ്ങൾ അധികാരത്തിലെത്തിയാൽ ചർച്ച നടത്തി ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കുമെന്ന് ലേബർ പാർട്ടിയുടെ ആരോഗ്യ വിഭാഗം വക്താവ് തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു.
ജല മലിനീകരണം
സ്വകാര്യ ജലവിതരണ കമ്പനികളുണ്ടാക്കുന്ന മലിനീകരണവും രാജ്യത്തെ പ്രധാന പ്രശ്‌നമാണ്. കുടിവെള്ളത്തിന്റെ നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ ഈ മാസം 11 നാണ് അന്തിമ തീരുമാനം പുറത്തുവരിക. ഇത് പുതിയ സർക്കാറിന് തലവേദനയാകും. മലിനീകരണം തടയാനായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കൂടുതൽ പണം വേണമെന്നാണ് ജലവിതരണ കമ്പനികളുടെ ആവശ്യം.
ടാറ്റയുമായി കരാർ
രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ ഉത്പാദകരായ ടാറ്റ സ്റ്റീലുമായി ഉണ്ടാക്കിയ കരാറിൽ ഇനി ഒപ്പുവെക്കേണ്ടി വരിക പുതിയ സർക്കാർ ആയിരിക്കും. കാർബൺ ബഹിർഗമനം കുറഞ്ഞ ഇലക്ട്രിക് ആർക്ക് ഫർണസ് നിർമിക്കുന്നതിനായി മുൻ സർക്കാറും ടാറ്റാ സ്റ്റീലുമായുള്ള ധാരണയുടെ ഭാഗമായി 63.5 കോടി ഡോളറിന്റെ സഹായം നൽകാമെന്ന കരാറിലാണ് പുതിയ സർക്കാർ ഒപ്പുവെക്കേണ്ടത്.
കാർബൺ ബഹിർഗമനം കൂടുതലുള്ള ഒരു ബ്ലാസ്റ്റ് ഫർണസ് അടച്ചു പൂട്ടാനുള്ള നടപടികൾ ടാറ്റാ സ്റ്റീൽ ആരംഭിച്ചു കഴിഞ്ഞു. മറ്റൊരു ഫർണസ് സെപ്തംബറിൽ അടച്ചു പൂട്ടും. ഇതിന്റെ ഭാഗമായി 2,800 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കണക്ക്. പുതിയ സർക്കാർ ടാറ്റയുമായി മെച്ചപ്പെട്ട കരാറുണ്ടാക്കുമെന്നും അതുവഴി തൊഴിൽ നഷ്ടം കുറക്കാൻ കഴിയുമെന്ന് തൊഴിലാളി സംഘടനകളും പ്രതീക്ഷിക്കുന്നു.