International
യുദ്ധം അവസാനിപ്പിക്കാൻ യുക്രൈന്‍- യു എസ് ഉന്നതതല ചര്‍ച്ച 11ന് സഊദിയില്‍
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പങ്കെടുത്തേക്കും

കീവ് | യുക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക, യുക്രൈന്‍ ഉന്നതതല ചര്‍ച്ച സഊദിയില്‍ 11ന് നടക്കും. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പങ്കെടുക്കുമെന്നാണ് വിവരം. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും വൈറ്റ് ഹൗസില്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് സഊദിയില്‍ സമാധാന ചര്‍ച്ച അരങ്ങേറുന്നത്.
യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാര്‍ രൂപപ്പെടുത്തുന്നതിന് യുക്രൈന്‍ നേതാക്കളെ കാണുമെന്ന് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു. ഈ മാസം 10ന് യു എസ് നേതാക്കള്‍ സഊദി അറേബ്യയിലേക്ക് എത്തും. 11ന് സെലന്‍സ്‌കിയും സൗദിയിലെത്തിയേക്കും.
രണ്ടാഴ്ച മുമ്പ് റഷ്യന്‍ നേതാക്കളുമായി സഊദിയില്‍ വെച്ച് അമേരിക്കന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിക്കുകയും ചെയ്തിരുന്നു.
അതിനിടെ, യുക്രൈനിലുടനീളം റഷ്യ ഇന്നും മിസൈലാക്രമണം നടത്തി. രണ്ട് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുക്രൈന്റെ ഊര്‍ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.