Connect with us

International

യുക്രൈന്‍-യു എസ് ചര്‍ച്ച: സെലെന്‍സ്‌കി സഊദിയില്‍

മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച.

Published

|

Last Updated

റിയാദ് | ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുക്രൈന്‍-യു എസ് ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി സഊദിയിലെത്തി. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സെലെന്‍സ്‌കിയെ സ്വീകരിച്ചു.

അമേരിക്കയിലെ ഉന്നത നയതന്ത്രജ്ഞനുമായുള്ള തന്റെ സംഘത്തിന്റെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുക്രൈന്‍ പ്രസിഡന്റ് തിങ്കളാഴ്ച സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ യുക്രൈനിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പൂര്‍ണ പിന്തുണ ജിദ്ദയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കിരീടാവകാശി വാഗ്ദാനം ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

സെലെന്‍സ്‌കിയുയുമായുള്ള വൈറ്റ് ഹൗസ് യോഗം പരാജയപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക ചര്‍ച്ചകളാണ് ചൊവ്വാഴ്ച യു എസും യുക്രൈന്‍ ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്നത്. യുക്രൈനിയന്‍ ധാതുക്കളുടെ വില്‍പനയില്‍ നിന്ന് ഒരു സംയുക്ത ഫണ്ട് സൃഷ്ടിക്കുന്ന യു എസുമായി ധാതു കരാറില്‍ ഒപ്പുവെക്കാന്‍ കീവ് തയ്യാറാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.

മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച ജിദ്ദയില്‍ യുക്രൈന്‍ ഉദ്യോഗസ്ഥരും സഊദി, യു എസ് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുക. യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ വരവിനോടനുബന്ധിച്ച് ജിദ്ദയിലെ വിമാനത്താവളത്തിനടുത്തുള്ള പ്രധാന പാതകളില്‍ യുക്രൈന്‍, സഊദി പതാകകള്‍ ഉയര്‍ന്നിട്ടുണ്ട്.

നേരത്തെ, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍
മക്ക പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സെലെന്‍സ്‌കിയെ സ്വീകരിച്ചു.

 

Latest