International
ഉക്രൈൻ യുദ്ധം: സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാ സഹകരണവും നൽകും - പ്രധാനമന്ത്രി നരേന്ദ്ര മോദി
ഏത് പ്രതിസന്ധിയിലും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് മുഴുവൻ മനുഷ്യരാശിക്കും ഏറ്റവും വലിയ വെല്ലുവിളിയാണെന്നും മോദി
വാർസോ | ഉക്രൈൻ – റഷ്യ സംർഷത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ സഹകരണവും നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ദ്വിരാഷ്ട്ര പര്യടനത്തിൻ്റെ രണ്ടാം പാദത്തിൽ ഏഴ് മണിക്കൂറോളം മോദി ഉക്രൈൻ തലസ്ഥാനമായ കീവിൽ ഉണ്ടാകും. ഇന്ന് വൈകുന്നേരം പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗമാണ് അദ്ദേഹം കീവിലേക്ക് പുറപ്പെടുക.
ഉക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ നമുക്കെല്ലാവർക്കും ആഴത്തിലുള്ള ആശങ്കയാണെന്ന് മോദി പറഞ്ഞു. യുദ്ധക്കളത്തിൽ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാകില്ലെന്ന് ഇന്ത്യ ഉറച്ച് വിശ്വസിക്കുന്നു. ഏത് പ്രതിസന്ധിയിലും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് മുഴുവൻ മനുഷ്യരാശിക്കും ഏറ്റവും വലിയ വെല്ലുവിളിയാണ്. സമാധാനവും സുസ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിന് ഞങ്ങൾ സംഭാഷണത്തെയും നയതന്ത്രത്തെയും പിന്തുണയ്ക്കുന്നുവെന്നും മോദി വ്യക്തമാക്കി.
അരനൂറ്റാണ്ടിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇതാദ്യമായാണ് പോളണ്ട് സന്ദർശിക്കുന്നത്.