ഞങ്ങളുടെ നാട്ടില്‍ പറഞ്ഞു വരുന്ന ഒരു കഥയുണ്ട്. ഉള്ളതായിരിക്കാം, വെറും കഥയായിരിക്കാം. രണ്ട് ചട്ടമ്പിമാരുണ്ടായിരുന്നു. രണ്ട് പേരും സ്വല്‍പ്പം അടിതടയൊക്കെ പഠിച്ചവരാണ്. മെയ്ക്കരുത്തും അത്യാവശ്യത്തിനുണ്ട്. നാട്ടുകാരെ നിരന്തരം ശല്യം ചെയ്തും ഞെട്ടിച്ചുമാണ് കഴിഞ്ഞു കൂടുന്നത്. ഇവര്‍ രണ്ട് പേരും കടുത്ത ശത്രുക്കളാണെന്നാണ് വെപ്പ്. കണ്ടാല്‍ കുത്തി മലര്‍ത്തുമെന്ന് ഇരുവരും ഇടക്കിടക്ക് ആക്രോശിക്കും. പക്ഷേ, ഇവര്‍ ഒരിക്കലും ഏറ്റുമുട്ടിയില്ല. ഒന്നാം ചട്ടമ്പി അങ്ങാടിയിലുണ്ടെന്ന് പറഞ്ഞാന്‍ രണ്ടാം ചട്ടമ്പി ഊടുവഴിക്ക് പോകും. രണ്ടാമന്‍ മലയിലുണ്ടെന്നറിഞ്ഞാല്‍ ഒന്നാമന്‍ പുഴവഴിക്ക് മുങ്ങും. ഇവരൊന്ന് ഏറ്റുമുട്ടിക്കാണാന്‍ നാട്ടുകാര്‍ കൊതിച്ചിരുന്നത് മിച്ചം. എന്നാലോ വെല്ലുവിളിക്ക് ഒരു കുറവുമില്ല.
ഇതാണ് വന്‍ ശക്തികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യയുടെയും അമേരിക്കയുടെയും സ്ഥിതി. ഉക്രൈനെ മുന്‍ നിര്‍ത്തി ഈ രണ്ട് ശക്തികളും വെല്ലുവിളിച്ചു കൊണ്ടേയിരിക്കുന്നു. നവ സോവിയറ്റ് രാജ്യങ്ങളില്‍ മിക്കതിലും പല പേര് പറഞ്ഞ് സൈനിക സന്നാഹം നടത്തുകയാണ് റഷ്യ. കസാഖ്സ്ഥാനില്‍ ഈയിടെയുണ്ടായ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ റഷ്യന്‍ സൈന്യമെത്തിയത് ഒടുവിലത്തെ ഉദാഹരണം. ഉക്രൈന്‍ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് റഷ്യന്‍ സൈനികര്‍ സര്‍വായുധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്നു, യുദ്ധ കാഹളം മുഴങ്ങുകയേ വേണ്ടൂ. അമേരിക്കയാണെങ്കില്‍ നാറ്റോ സഖ്യത്തിന്റെ ബലത്തില്‍ കിഴക്കന്‍ യൂറോപ്പില്‍ ഇറങ്ങിക്കളിക്കുകയാണ്. അപ്പോഴും ഒരു ആള്‍ ഔട്ട് യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നില്ല. നയതന്ത്ര ചര്‍ച്ചകള്‍ പലവഴിക്ക് നടക്കുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അടക്കമുള്ളവര്‍ മധ്യസ്ഥ ശ്രമവുമായി രംഗത്തുണ്ട്. ജര്‍മന്‍, ഫ്രഞ്ച് നേതാക്കള്‍ കീവിലും മോസ്‌കോയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. പരസ്പരം ഭയക്കുന്നുവെന്നതിനാല്‍ കൈവിട്ട കളിക്ക് രണ്ട് ചട്ടമ്പിമാരും തയ്യാറാകില്ലെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. പഴയ കഥയില്‍ നിന്ന് ഒരു വ്യത്യാസമേയുള്ളൂ: ഇവിടെ ലോകം ഏറ്റുമുട്ടല്‍ കാണാന്‍ കൊതിച്ചിരിക്കുന്നില്ല. സര്‍വ നാശകാരിയായ ആണവായുധങ്ങളുമായാണ് ഈ മല്ലന്‍മാര്‍ വെല്ലുവിളിക്കുന്നത്. ഒന്നു പൊട്ടിയാല്‍ ഭൂഗോളം ഭസ്മമായിപ്പോകും.
വീഡിയോ കാണാം