Connect with us

National

നാല് പതിറ്റാണ്ടിന് ശേഷം ആയുധംവെച്ച് കീഴടങ്ങി ഉൾഫ; തീവ്രവാദി ഗ്രൂപ്പ് സ്വയം പിരിച്ചുവിട്ടു

ഉൾഫ നേതാക്കളും കേന്ദ്ര സർക്കാറും അസം സർക്കാറും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച സമാധാന ഉടമ്പടി പ്രകാരമാണ് നടപടി.

Published

|

Last Updated

ന്യൂഡൽഹി | അസം തീവ്രവാദി ഗ്രൂപ്പായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ) സ്വയം പിരിച്ചുവിട്ടു. സായുധ പോരാട്ടത്തിലൂടെ തദ്ദേശീയരായ ആസാമീസ് ജനതയ്ക്കായി ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച് ഉൾഫ നാൽപത് വർഷങ്ങൾക്ക് ശേഷമാണ് ആയുധംവെച്ച് കീഴടങ്ങിയത്. ഉൾഫ നേതാക്കളും കേന്ദ്ര സർക്കാറും അസം സർക്കാറും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച സമാധാന ഉടമ്പടി പ്രകാരമാണ് നടപടി.

ഡിസംബർ 29ന് ഡൽഹിയിൽവെച്ചാണ് ത്രികക്ഷി കരാർ പ്രാബല്യത്തിൽ വന്നത്. ഇതിന് ഇരുപത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷം, ഗുവാഹത്തിയിൽ നിന്ന് 55 കിലോമീറ്റർ അകലെ സിപജാറിൽ ചേർന്ന സംഘടനയുടെ അവസാന യോഗത്തിലാണ് സംഘടന പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.

“ഡൽഹിയിൽ ഒപ്പുവച്ച ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം ഇന്ന് ചേർന്ന യോഗത്തിലാണ് സംഘടന പിരിച്ചുവിടാൻ തീരുമാനിച്ചത്. ഇതോടെ സംഘടനയ്‌ക്കെതിരായ രാജ്യദ്രോഹ കേസുകൾ പിൻവലിക്കും,” – ഉൾഫ ചെയർമാൻ അരബിന്ദ രാജ്ഖോവ പറഞ്ഞു. ഒത്തുതീർപ്പിൽ പരാമർശിച്ച വിഷയങ്ങളും കേന്ദ്രവും അസം സർക്കാരും നൽകിയ ഉറപ്പുകളും പാലിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേഡറുകൾക്ക് ലംപ്സം എക്‌സ്‌ഗ്രേഷ്യ പേയ്‌മെന്റ്, അവർ മുഖേന സാമ്പത്തിക പ്രവർത്തനങ്ങൾക്കുള്ള ധനസഹായം, തൊഴിൽ പരിശീലനം, യോഗ്യതയനുസരിച്ച് സർക്കാർ ജോലികൾ തുടങ്ങിയവയായിരുന്നു ഒത്തുതീർപ്പ് വ്യവസ്ഥകൾ. ഹീനമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് ഉൾഫ കേഡർമാർക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ പിൻവലിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉൾഫയുടെ മറ്റൊരു ഗ്രൂപ്പ് ഒത്തുതീർപ്പ് ചർച്ചകളുമായി സഹകരിക്കുന്നില്ല. ഉൾഫ ഇൻഡിപെൻഡന്റ് വിഭാഗമാണ് ഒത്തുതീർപ്പിന് വഴങ്ങാത്തത്. 2011 ഫെബ്രുവരിയിലാണ് ഉൾഫ രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞത്. ചെയർമാൻ രാജ്‌ഖോവയുടെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പ്, തങ്ങളുടെ അക്രമാസക്തമായ ഭൂതകാലം ഉപേക്ഷിച്ച് ഒരു ഉപാധിയും കൂടാതെ കേന്ദ്രവുമായി ചർച്ചയ്ക്ക് ഇരിക്കാൻ തീരുമാനിച്ചു. എന്നാൽ പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പ് ചർച്ചകൾ വേണ്ടെന്ന് തീരുമാനിക്കുകയും ഉൾഫ-ഇന്ഡിപെൻഡന്റ് എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനം തുടരുകയുമായിരുന്നു.

---- facebook comment plugin here -----

Latest