From the print
അപകടനിലയില്‍ അള്‍ട്രാവയലറ്റ്; ഇടുക്കിയില്‍ ചുവപ്പ് ജാഗ്രത
ഇടുക്കിയിലെ മൂന്നാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. 11 ആണ് ഇവിടത്തെ സൂചിക.

തിരുവനന്തപുരം | സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയിലെ മൂന്നാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. 11 ആണ് ഇവിടത്തെ സൂചിക. ഇത് അതീവ ഗുരുതര സാഹചര്യമാണ്. ഇവിടെ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയിലാണ് ഏറ്റവും കുറവ് അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്- മൂന്ന്. വിവിധയിടങ്ങളില്‍ രേഖപ്പെടുത്തിയ അള്‍ട്രാവയലറ്റ് സൂചികയുടെ അടിസ്ഥാനത്തില്‍ അതീവ ഗുരുതര, ജാഗ്രതാ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
എട്ട് മുതല്‍ പത്ത് വരെ സൂചിക രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍ ഓറഞ്ച് ജാഗ്രതയാണ്. പത്തനംതിട്ടയിലെ കോന്നിയില്‍ സൂചിക ഒമ്പതാണ്. പാലക്കാട്ടെ തൃത്താല, മലപ്പുറത്തെ പൊന്നാനി തുടങ്ങിയയിടങ്ങളില്‍ സൂചിക എട്ട് രേഖപ്പെടുത്തി.
ആറിനും ഏഴിനുമിടയില്‍ സൂചിക രേഖപ്പെടുത്തിയ ഇടങ്ങളില്‍ മഞ്ഞ ജാഗ്രതയാണ് നല്‍കിയിട്ടുള്ളത്. കൊല്ലത്തെ കൊട്ടാരക്കര, കോട്ടയത്തെ ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ സൂചിക ഏഴാണ്. എറണാകുളത്തെ കളമശ്ശേരി, തൃശൂരിലെ ഒല്ലൂര്‍, കോഴിക്കോട്ടെ ബേപ്പൂര്‍, വയനാട്ടിലെ മാനന്തവാടി തുടങ്ങിയിടങ്ങളില്‍ ആറാണ് സൂചിക. കണ്ണൂരിലെ ധര്‍മടം, കാസര്‍കോട്ടെ ഉദുമ എന്നിവിടങ്ങളില്‍ അഞ്ചാണ് അള്‍ട്രാ വയലറ്റ് സൂചിക. ഇത് സാരമുള്ളതല്ല.
മുന്‍കരുതല്‍ വേണം
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.