Connect with us

Kerala

ഉള്ളുലച്ച് മുണ്ടക്കൈ; 200 കടന്ന് മരണം

ബുധനാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ ദുരന്തമുഖത്ത് നിന്നും ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് പുറത്തുവന്നത്.

Published

|

Last Updated

വയനാട് | മുണ്ടക്കൈ ഗ്രാമമൊന്നാകെ ദുരന്തം കവര്‍ന്നെടുത്തിരിക്കുന്നു.ഇന്നലെ പുലര്‍ച്ചെ സംഭവിച്ച മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 200 പിന്നിട്ടു.കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 205 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 400 വീടുകളുണ്ടായിരുന്ന മുണ്ടക്കെെയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ആകെ 30 വീടുകളാണ്.

ഉരുള്‍ പൊട്ടലില്‍ കാണാതായവരില്‍ ഇനിയും കണ്ടൈത്താനുള്ളത് 225 പേരെയാണ്. രക്ഷാദൗത്യത്തിന് വെല്ലുവിളിയായി കനത്ത മഴയാണ് പ്രദേശത്ത്. മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ മുണ്ടക്കൈ പൂര്‍ണ്ണമായും തകര്‍ന്നെന്നാണ് വിലയിരുത്തല്‍. മണ്ണിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കണമെന്നും ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്നും അവലോകന യോഗം വിലയിരുത്തി.

ബുധനാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ ദുരന്തമുഖത്ത് നിന്നും ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് പുറത്തുവന്നത്. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശം പൂര്‍ണമായും ഇന്നലെ ഒറ്റപ്പെട്ടതോടെ ബുധനാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിച്ചേരാനായത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്ന കാഴ്ച കേരളക്കരയുടെ മനസ്സ് അലിയിക്കുന്നതാണ്.

അതേസമയം ഉരുള്‍പൊട്ടലില്‍ 126 മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു. 70 പേര്‍ പുരുഷന്‍മാരും 56 പേര്‍ സ്ത്രീകളുമാണ്. 123 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 63 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മേപ്പാടിയിലെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിലധികം പേരാണുള്ളത്. വയനാടിനെ ദുരന്ത ഭൂമിയാക്കിയത് രണ്ടാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതിതീവ്ര മഴയാണെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ നിഗമനം.

മണ്ണിടിച്ചിലില്‍ രക്ഷപെട്ടു വരുന്നവര്‍ക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാന്‍ ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്സിജന്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ പോയിന്റ് സൗകര്യമൊരുക്കാന്‍ മന്തിതല യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്.

ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ബെയ്‌ലി  പാലം നിര്‍മ്മിക്കുകയാണ് സൈന്യം. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്.