Kerala
ഉമാ തോമസിന് വീണ് പരുക്കേറ്റ സംഭവം; സംഘാടകര്‍ സുരക്ഷാ കരാര്‍ ലംഘിച്ചെന്ന് ജി സി ഡി എ
പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകരുമായി വെച്ച കരാറിന്റെ വിശദാംശങ്ങള്‍ പത്രകുറിപ്പിലൂടെ അറിയിക്കും
കൊച്ചി | ഉമാ തോമസ് എംഎല്‍എക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി ജിസിഡിഎ. സംഘാടകര്‍ സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്നും സ്റ്റേജിന് കൃത്യമായ ബാരിക്കേഡ് സംവിധാനം ഉണ്ടായിരുന്നില്ലെന്നും ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള പറഞ്ഞു.
സ്റ്റേഡിയത്തിന്റെ പ്രശ്‌നമല്ല അപകടമുണ്ടാക്കിയത്.ഫയര്‍,പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കണമെന്ന് സംഘാടകരോട് കരാര്‍ വെച്ചിരുന്നു.കരാര്‍ പാലിക്കുന്നതില്‍ സംഘാടകര്‍ ഗുരുതര വീഴ്ച വരുത്തി. വിഷയത്തില്‍ ജി സി ഡി എ സമഗ്രമായ അന്വേഷണം നടത്തും .വിശദമായ വിവരം പോലീസിന് കൈമാറുമെന്നും ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള പറഞ്ഞു
പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകരുമായി വെച്ച കരാറിന്റെ വിശദാംശങ്ങള്‍ പത്രകുറിപ്പിലൂടെ അറിയിക്കും.സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. പോലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും സംഘാടകര്‍ക്ക് നോട്ടീസ് നല്‍കുകയെന്നും കെ ചന്ദ്രന്‍പിള്ള പറഞ്ഞു. അതേ സമയം സംഘടാകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.