Connect with us

Kerala

പ്രൗഢമായി ഉമലാ സമ്മിറ്റ്; ഭൗതിക നേട്ടമാവരുത് ലക്ഷ്യം: ഖലീൽ തങ്ങൾ

പണ്ഡിതർക്ക് വലിയ ഉത്തരവാദിത്വമാണ് ഈ കാലത്ത് ഉള്ളതെന്നും സത്യത്തിന് മേൽ അടിയുറച്ച് നിൽക്കണമെന്ന് സമസ്ത ട്രഷറർ കോട്ടൂർ ഉസ്താദ്

Published

|

Last Updated

കാരന്തൂർ | നിരന്തരമായ വൈജ്ഞാനിക സപര്യയിലൂടെ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജയിക്കാൻ പണ്ഡിതർക്ക് സാധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി. മർകസ് നാൽപ്പത്തിയഞ്ചാം വാർഷിക സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിക സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി വൈജ്ഞാനിക പ്രസരണം സജീവമാക്കലാണ് ആധുനിക കാലഘട്ടത്തിലെ പണ്ഡിത ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പണ്ഡിതർക്ക് വലിയ ഉത്തരവാദിത്വമാണ് ഈ കാലത്ത് ഉള്ളതെന്നും സത്യത്തിന് മേൽ അടിയുറച്ച് നിൽക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

മർഹൂം എ പി മുഹമ്മദ് മുസ്്ലിയാർ സ്ക്വയറിൽ നടന്ന സമ്മിറ്റിൽ ഉലമാ ആക്ടിവസത്തിന്റെ പ്രയോഗവും കർമരേഖയും ചർച്ചയായി. വ്യക്തിത്വ രൂപവത്കരണം: ജ്ഞാന ചരിത്രങ്ങളിലൂടെ എന്ന വിഷയത്തിൽ കോടമ്പുഴ ബാവ മുസ്‌ലിയാർ പ്രസംഗിച്ചു. ഭൗതിക നേട്ടങ്ങളാകരുത് പ്രവർത്തനലക്ഷ്യം. അവസാന നാളിൽ അറിവില്ലാത്തവർ രംഗത്ത് വരും. പണ്ഡിതർ യഥാർഥ അറിവ് നിലനിർത്തണം. തഖ്്വയില്ലാത്ത സാമൂഹിക പ്രവർത്തനങ്ങൾ നിരർഥകമാണ്. സ്ഥാന പ്രശസ്തി ആഗ്രഹിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹല്ല് നേതൃത്വം: പണ്ഡിത ദൗത്യവും രീതികളും എന്ന വിഷയത്തിൽ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോലയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മർകസ് വൈസ് പ്രസിഡന്റ് കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ പ്രാർഥന നടത്തി. സയ്യിദ് അലി ബാഫഖി, സിറാജുൽ ഉലമ ഹൈദ്രോസ് മുസ്്ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പി വി മൊയ്തീൻ കുട്ടി മുസ്്ലിയാർ താഴപ്ര, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ഇസ്സുദ്ദീൻ കാമിൽ സഖാഫി കണ്ണനല്ലൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുന്നാസർ അഹ്സനി ഒളവട്ടൂർ, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി സംബന്ധിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സ്വാഗതവും കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ നന്ദിയും പറഞ്ഞു.

Latest