Connect with us

From the print

കടന്നാക്രമിച്ച് ഉമര്‍ ഫൈസി; വിവരമില്ലാത്തവര്‍ ഖാസിയാകുന്നു

വെല്ലുവിളിച്ച് സമാന്തര സംഘടനയുണ്ടാക്കുന്നുവെന്നും വിമര്‍ശം.

Published

|

Last Updated

മലപ്പുറം | പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഖാസി ഫൗണ്ടേഷനെ നിശിതമായി വിമര്‍ശിച്ച് സമസ്ത ഇ കെ വിഭാഗം സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. വിവരമില്ലാത്തവര്‍ ഖാസിയാകുന്നുവെന്നാണ് ഉമര്‍ ഫൈസിയുടെ ആരോപണം. എടവണ്ണപ്പാറയില്‍ ഇ കെ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിതാബ് തിരിയുന്നവരാകണം ഖാസി. അദ്ദേഹത്തിന് മുന്നില്‍ വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വിവരം വേണം. അങ്ങനെ ഉണ്ടെന്ന് അവരും അവകാശപ്പെടുന്നില്ല.

അങ്ങനെ ‘മൂപ്പര്’ കിതാബ് ഓതിയ ആളാണെന്ന് ആരും പറയുന്നുമില്ല. എനിക്ക് ഖാസിയാകണം എന്നു പറഞ്ഞാല്‍ അവരെ ഖാസിയാരാക്കാന്‍ കുറെ ആളുകളും. അതിന് നമ്മുടെ കൂട്ടത്തില്‍ നിന്നുളള ആളുകളും. ഇതിനൊക്കെ മസ്അലകള്‍ (മതവിധി) വേണ്ടേ? അതിര് വിടുകയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ പരിഹാരം ഉണ്ടാകണം. ജനങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയും. നിങ്ങളെ പേടിച്ചിട്ടൊന്നുമല്ല. ജനങ്ങളില്‍ വിവരം ഇല്ലാത്തവര്‍ അധികം ആകുമ്പോള്‍ അവരില്‍ കുഴപ്പം ഉണ്ടാവണ്ട എന്ന് വിചാരിച്ചിട്ടാണ്. ആഘോഷിക്കുകയാണ്, ‘സമസ്ത’ക്കെതിരെ. ‘സമസ്ത’യെ വെല്ലുവിളിച്ച് വേറെ പാര്‍ട്ടി ഉണ്ടാക്കുകയാണ്. കരുതിയിരിക്കണം, നമ്മുടെ അടുത്ത് ആയുധങ്ങള്‍ ഉണ്ട്. ആവശ്യം വരുന്ന ഘട്ടത്തില്‍ അതെടുക്കും.

ഒരാളെ ഖാസിയാക്കിയാല്‍ അയാള്‍ അവിടത്തെ ഖാസിയാകും. ഇനി വിവരമില്ലാത്തവനെ ഖാസിയാക്കിയാല്‍ അവിടുത്തെ ഖാസിയാകുകയേ ഉള്ളൂ. എല്ലാവരെയും വിളിച്ചുകൂട്ടിയിട്ട് ഖാസി ഫൗണ്ടേഷന്‍. ഇതിന്റെ അര്‍ഥം എന്താണ്. അങ്ങനെ ഒന്ന് എവിടെയെങ്കിലും ഉണ്ടോ. ഇതൊക്കെ ഞങ്ങള്‍ക്ക് തിരിയുന്നില്ല എന്നാണോ കരുതുന്നത്? എല്ലാവരും സഹകരിച്ച് പോകുന്നതാണ് ഈ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും നല്ലത്. രാഷ്ട്രീയം വളര്‍ത്താനെങ്കില്‍ അതിന് നമ്മള്‍ എതിരല്ല. നമ്മള്‍ ആ രാഷ്ട്രീയത്തിന്റെ ആളാണ്.

അവസാന നാള്‍ അടുക്കുമ്പോള്‍ അറിവ് കുറഞ്ഞവര്‍ വര്‍ധിക്കും. അവരെ നേതാക്കളാക്കും. ഖാസിയാക്കും, ഫൗണ്ടേഷനാക്കും – അദ്ദേഹം പറഞ്ഞു. മുക്കം ഉമര്‍ ഫൈസിയുടെ പ്രസംഗം മാധ്യമങ്ങളില്‍ വന്നതോടെ രൂക്ഷമായ പ്രതികരണങ്ങളുമായി ഇരുവിഭാഗവും രംഗത്തെത്തി. ഫൈസിക്കെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളും അധിക്ഷേപങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

ഇതോടൊപ്പം, ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ സ്മരണികയിലെ ഭാഗങ്ങള്‍ ഫൈസിക്കെതിരെ പ്രചരിപ്പിക്കുമ്പോള്‍ ഖാസിയാകാനുള്ള യോഗ്യതയെക്കുറിച്ചുള്ള നാട്ടിക മൂസ മൗലവിയുടെ പ്രഭാഷണമാണ് അനുകൂലിക്കുന്നവര്‍ പ്രചരിപ്പിക്കുന്നത്.

രംഗത്തിറങ്ങേണ്ട അവസാന മണിക്കൂറുകള്‍: മുസ്തഫ മുണ്ടുപാറ
ആശയപരമായ പോരാട്ടത്തില്‍ പരാജയപ്പെടുമെന്ന് അറിയുന്ന നവീനവാദികള്‍ ‘സമസ്ത’യുടെ ഘടന പൊളിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ കെ വിഭാഗം നേതാവ് മുസ്തഫ മുണ്ടുപാറ.

ശത്രു കാര്യം മനസ്സിലാക്കിയിരിക്കുന്നു. ആശയപരമായ പോരാട്ടത്തില്‍ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയിരിക്കുന്നു. ഇത് അവരുടെ പതിനെട്ടാമത്തെ അടവാണ്. അതാണ് മഹല്ലുകളിലേക്കുള്ള കടന്നുകയറ്റം. അതാണ് സുന്നത്ത് ജമാഅത്തിന്റെ സ്ഥാപനങ്ങളില്‍ നിന്ന് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. സ്ഥാപനങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ പാടില്ലാത്ത, പ്രതീക്ഷിക്കാത്ത പലതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.

പള്ളികളില്‍ പോലും സ്ഥാപനങ്ങളില്‍ പോലും കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുന്നു. വഹാബി പ്രസ്ഥാനത്തിന് വഴിയൊരുക്കിക്കൊടുക്കുന്ന രൂപത്തില്‍ ചിലര്‍ ആസൂത്രണങ്ങള്‍ നടത്തുന്നു. ഇതിന്റെ പിന്നിലെ ശ്രമം സുന്നത്ത് ജമാഅത്തിനെ തകര്‍ക്കുകയാണ്. ദീനിനെ സ്നേഹിക്കുന്നവര്‍ എല്ലാം മറന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട അവസാന മണിക്കൂറിലാണ് നമ്മളുള്ളതെന്ന് തിരിച്ചറിയണം- അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകര്‍ നേരിടും: സലാം
മലപ്പുറം | പാണക്കാട് കുടുംബത്തെയും സ്വാദിഖലി തങ്ങളെയും അപമാനിച്ചാല്‍ പ്രവര്‍ത്തകര്‍ പ്രതിരോധിക്കേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം. ഇത്തരം ആളുകളെ നിലക്കുനിര്‍ത്താന്‍ ഇ കെ വിഭാഗം സമസ്ത തയ്യാറാകണം. ഉമര്‍ ഫൈസി മുക്കത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിന് പിന്നില്‍ സി പി എമ്മാണെന്നും സര്‍ക്കാര്‍ ഏതോ കമ്മിറ്റിയില്‍ നല്‍കിയ നക്കാപ്പിച്ചക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമര്‍ ഫൈസിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമര്‍ ഫൈസി നടത്തിയത് അപഹാസ്യ പ്രസ്താവനയാണെന്നും ലീഗിനെ തകര്‍ക്കാന്‍ പല രാഷ്ട്രീയ ശക്തികളും ശ്രമിക്കുന്നുണ്ടെന്നും അതിനെ ശക്തിയുക്തമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Latest