From the print
ഉമര്‍ ഫൈസിയെ പുറത്താക്കണമെന്ന് ആദര്‍ശ സമ്മേളനം
സംഘടിപ്പിച്ചത് ലീഗ് അനുകൂലികള്‍.
മലപ്പുറം | ഇ കെ വിഭാഗം സെക്രട്ടറി മുക്കം ഉമര്‍ ഫൈസിയെ ‘സമസ്ത’യില്‍ നിന്ന് പുറത്താക്കണമെന്ന് എടവണ്ണപ്പാറയില്‍ ‘സമസ്ത’ കോ- ഓര്‍ഡിനേഷന്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സ്വാദിഖലി ശിഹാബ് തങ്ങളെ സമൂഹത്തില്‍ ഇകഴ്ത്തി കാണിക്കുന്നതാണ് ഫൈസിയുടെ പരാമര്‍ശമെന്ന് പ്രമേയം കുറ്റപ്പെടുത്തി. സ്വാദിഖലി തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് മറുപടിയായിട്ടാണ് എടവണ്ണപ്പാറയില്‍ ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത്.
ഇ കെ വിഭാഗത്തിലെ മുസ്്‌ലിം ലീഗ് അനുകൂലികളാണ് സമ്മേളനത്തിന്റെ സംഘാടകരും പ്രധാന പ്രാസംഗികരായി എത്തിയതും. ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജിയാണ് സമ്മേളനത്തിന് സ്വാഗതം പറഞ്ഞത്. ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂലികളായ ‘സുഹാബി’ പക്ഷക്കാരായ നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ എ റഹ്മാന്‍ ഫൈസി, സലീം എടക്കര എന്നിവരാണ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകരായി എത്തിയത്. കെ പി മുഹമ്മദ് മുസ്ലിയാര്‍ ബാഖവി മുണ്ടക്കല്‍ പ്രമേയം അവതരിപ്പിച്ചു.
എടവണ്ണപ്പാറ മേഖലയിലെ സംഘടനക്കകത്തെ വിഭാഗീയതയാണ് കാര്യങ്ങള്‍ ഇതിലേക്കെത്തിച്ചതെന്ന് പറഞ്ഞ് പ്രസംഗിച്ച ജബ്ബാര്‍ ഹാജി, എസ് കെ എസ് എസ് എഫിനെയും ‘ഷജറ’ വിഭാഗത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ഉമര്‍ ഫൈസിയെ മാറ്റിനിര്‍ത്തി സമസ്തയെ ശുദ്ധീകരിക്കണമെന്നും പാണക്കാട് കുടുംബത്തെ സമൂഹത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള ശ്രമം ഗൂഢാലോചനയാണെന്നും സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകര്‍ക്കാനാണ് ശ്രമമെന്നും അധ്യക്ഷത വഹിച്ച കെ എ റഹ്മാന്‍ ഫൈസി കുറ്റപ്പെടുത്തി. ഉമ്മത്തിന് മൂന്ന് ആണിക്കല്ലാണുള്ളതെന്നും ഒന്ന് ‘സമസ്ത’യും രണ്ടാമത് ലീഗും മൂന്നാമത് പാണക്കാട് തങ്ങളുമാണെന്നും റഹ്മാന്‍ ഫൈസി പറഞ്ഞു. സി പി എമ്മിന് വേണ്ടിയുള്ള സമാന്തര പ്രവര്‍ത്തനമാണ് ഉമര്‍ ഫൈസി നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആര്‍ എസ് എസിനെ പ്രതിരോധിക്കാന്‍ സി പി എമ്മിനേ കഴിയൂ എന്നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉമര്‍ ഫൈസി പറഞ്ഞതെന്ന് വ്യക്തമാക്കിയ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പാണക്കാട് കുടുംബം എന്നും ‘സമസ്ത’ക്ക് ഒപ്പം നിന്നവരാണെന്നും അവരെ മാറ്റിനിര്‍ത്താന്‍ ആര് ശ്രമിച്ചാലും വിജയിക്കില്ലെന്നും വ്യക്തമാക്കി.
പണ്ഡിതന്മാരല്ലാത്തവരെ ഖാസിയാക്കിയ അനുഭവം മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് കണ്ടാണ് സമൂഹം വളര്‍ന്നതെന്നും സമുദായത്തിന്റെ ഐക്യം നിലനിര്‍ത്തിപ്പോരുന്ന ഖാസിമാരാണ് ഇവിടെയുള്ളതെന്നും അതാണ് ഈ ഖാസി സ്ഥാനത്തിന്റെ ലക്ഷ്യമെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
‘സമസ്ത’യെ വരുതിയില്‍ നിര്‍ത്താനുള്ള ലീഗ് നീക്കം അപകടകരം: ഐ എന്‍ എല്‍
കോഴിക്കോട് | ഇ കെ സമസ്തയെ പാര്‍ട്ടിയുടെ വരുതിയില്‍ നിര്‍ത്താനും സംഘടനയുടെ അസ്തിത്വം ചോദ്യം ചെയ്യാനുമുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. പാര്‍ട്ടി ലേബലില്‍ തുടരുന്ന ആത്മീയ വ്യവസായത്തിന്മേല്‍ കല്ലുവന്നു വീണതാണ് ലീഗ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത് ‘സമസ്ത’ പണ്ഡിതന്മാര്‍ ലീഗിന് രുചിക്കാത്തതൊന്നും പറയാന്‍ പാടില്ല എന്ന ദുശ്ശാഠ്യം സംഘടനയും അതിന്റെ സാരഥികളും പാര്‍ട്ടിയുടെ അടിമകളാണെന്ന ധിക്കാര മനോഭാവത്തിന്റെ പ്രതിഫലനമാണ്. ഉമര്‍ ഫൈസിക്കെതിരെ കേസ് കൊടുക്കാനും ജിഫ്്രി തങ്ങള്‍ അടക്കമുള്ളവരുടെ പ്രസ്താവനയെ തള്ളിപ്പറയാനും പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ തയ്യാറായത് സംഘടനയെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.