National
ഉമേഷ് പാല്‍ കൊലപാതകം: പ്രയാഗ്രാജിലെ പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു
2005ല്‍ അന്നത്തെ ബിഎസ്പി എംഎല്‍എ രാജു പാലിന്റെ കൊലപാതകത്തിലെ പ്രധാന ദൃക്സാക്ഷിയാണ് ഉമേഷ് പാല്‍.
ന്യൂഡല്‍ഹി| ഉമേഷ് പാല്‍ വധക്കേസ് പുതിയ വഴിത്തിരിവില്‍. വധക്കേസില്‍ ആരോപണവിധേയനായ അത്തിഫ് അഹമ്മദിന്റെ അടുത്ത സഹായി സഫര്‍ അഹമ്മദിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. വീട് അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പ്രയാഗ് രാജ് ഭരണകൂടമാണ് പൊലീസ് സന്നാഹത്തോടെ പൊളിക്കല്‍ തുടങ്ങിയത്. പ്രയാഗ്രാജിലെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളുടെയും അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കാന്‍ ബുള്‍ഡോസര്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2005ല്‍ അന്നത്തെ ബിഎസ്പി എംഎല്‍എ രാജു പാലിന്റെ കൊലപാതകത്തിലെ പ്രധാന ദൃക്സാക്ഷിയാണ് ഉമേഷ് പാല്‍. ഉമേഷിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട അക്രമികളെ യുപി പൊലീസ് തിരിച്ചറിഞ്ഞതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരി 24നാണ് ഉമേഷ് പാല്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലുള്ള വസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഉമേഷ് പാലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ തിരിച്ചറിഞ്ഞതായി പ്രയാഗ്രാജ് പൊലീസ് അറിയിച്ചു. സംശയിക്കുന്നവരുടെ പട്ടികയും മറ്റ് വിശദാംശങ്ങളും ആവശ്യമായ നടപടികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കുറ്റവാളികളെയും മാഫിയകളെയും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുശേഷം ഉമേഷ് പാലിന്റെ കൊലപാതകത്തിലെ പ്രതികളിലൊരാളായ അര്‍ബാസിനെ യുപി പൊലീസ് തിങ്കളാഴ്ച വെടിവച്ചു കൊന്നു.