Connect with us

umra

സഊദിയിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് നീക്കിയതില്‍ ഉംറ തീര്‍ഥാടകര്‍ക്ക് പ്രതീക്ഷ

കൊറോണയുടെ തുടക്ക സമയത്ത് തന്നെ ഇന്ത്യയുള്‍പ്പെടെ കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും സഊദി നിരോധനമേര്‍പ്പെടുത്തിയിരുന്നു

Published

|

Last Updated

കോഴിക്കോട് | വിമാനസര്‍വീസിനുള്ള നേരിട്ടുള്ള നിയന്ത്രണങ്ങള്‍ സഊദി നീക്കിയതോടെ ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് പ്രതീക്ഷ. കൊറോണയുടെ തുടക്ക സമയത്ത് തന്നെ ഇന്ത്യയുള്‍പ്പെടെ കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും സഊദി നിരോധനമേര്‍പ്പെടുത്തിയിരുന്നു. പിന്നീട് ചില രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സഊദി നിരോധനം പിന്‍വലിച്ചെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് ഇപ്പോഴും നിരോധനം തുടരുകയാണ്. എന്നാല്‍ വിമാനസര്‍വീസ് നിയന്ത്രണം നീക്കിയത് മാസങ്ങളായി ഉംറ നിര്‍വഹിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഹജ്ജിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയുള്‍പ്പെടെ വിദേശത്ത് നിന്നുള്ളവര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ഹജ്ജിന് സഊദിയിലുള്ള ഇന്ത്യക്കാര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തിരുന്നു. അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സഊദിയുടെ ഭാഗത്ത് നിന്ന് ഇതുവരെയും ഔദ്യോഗിക അറിയിപ്പൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് അവസരം ലഭിക്കുമെന്ന് തന്നെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതീക്ഷ. വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കിക്കൊണ്ടുള്ള നിര്‍ദേശം അടുത്ത മാസം ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരികയെങ്കിലും ഇന്ത്യയില്‍ നിന്ന് സഊദിയിലേക്കുള്ള വിമാനസര്‍വീസുകള്‍ സാധാരണ ഗതിയിലാകാന്‍ ഡിസംബര്‍ 15വരെയെങ്കിലും സമയമെടുക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

നേരിട്ട് വിമാനസര്‍വീസില്ലാത്തതിനാല്‍ മറ്റ് അറബ് രാജ്യങ്ങള്‍ വഴിയായിരുന്നു മലയാളികള്‍ ഉല്‍പ്പെടെയുള്ളവര്‍ സഊദിയിലെത്തിയിരുന്നത്. 60,000 രൂപ മുതല്‍ 70,000 രൂപ വരെയായിരുന്നു ഇതിന് ചെലവ് വന്നിരുന്നത്. മറ്റുള്ള രാജ്യങ്ങളില്‍ 15 ദിവസം ക്വാറന്റീന്‍ പൂര്‍ത്തീകരിച്ച ശേഷമായിരുന്നു സഊദിയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ സഊദിയുടെ പുതിയ ഉത്തരവോടെ സഊദിയിലേക്കെത്താനുള്ള ചെലവ് 40,000ത്തിനും 50,000ത്തിനുമിടയിലേക്ക് ചുരുങ്ങും. അഞ്ച് ദിവസം സഊദിയില്‍ ക്വാറന്റീന്‍ വേണമെന്ന് നിബന്ധനയുണ്ട്. ഇതിന്റെ ചെലവുള്‍പ്പെടെയാണിത്. ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ഇന്ത്യ, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കിയത്. എന്നാല്‍ വിമാനസര്‍വീസ് സാധാരണ നിലക്ക് ആവുന്നതോട് കൂടി ഉംറ തീര്‍ഥാടകര്‍ക്കുള്ള നിയന്ത്രണവും പിന്‍വലിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഡിസംബര്‍ അവസാനത്തോടെയോ ജനവരി ആദ്യത്തോടെയോ ഉംറ തീര്‍ഥാടകരെ അനുവദിച്ചേക്കാനിടയുണ്ട്.

അതേസമയം കൊറോണയുടെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സഊദി എങ്ങനെ പുതിയ തീരുമാനമെടുക്കുമെന്ന് കൂടി അറിയേണ്ടതുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest