International
കുഞ്ഞുങ്ങൾക്കെതിരായ ആക്രമണം ഇസ്‌റാഈലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി യു എൻ
ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് നെതന്യാഹു
ജനീവ | ഗസ്സ വംശഹത്യ ഒന്പതാം മാസത്തിലേക്ക് കടക്കുന്പോൾ കുട്ടികൾക്കെതിരെ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇസ്റാഈലിനെ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധത്തെ തീരുമാനം ബാധിക്കുമെന്നും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഇസ്റാഈൽ അറിയിച്ചു. ആക്രമണത്തിൽ 13,000 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനകം 36,000 പേരാണ് മരിച്ചത്. യു എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വെർജീനിയ ഗാംബയാണ് റിപോർട്ട് തയ്യാറാക്കിയത്. അടുത്ത വെള്ളിയാഴ്ച റിപോർട്ട് യു എൻ രക്ഷാസമിതി ചർച്ച ചെയ്യും.
ഇസ്റാഈലിനെ പട്ടികയിൽപെടുത്തിയതിനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിശിതമായി വിമർശിച്ചു. ഹമാസിനെ പിന്തുണക്കുന്ന ഐക്യരാഷ്ട്ര സഭ തന്നെ കരിമ്പട്ടികയിൽ പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ തവണ തന്നെ ഇസ്റാഈലിനെ പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കമുണ്ടായിരുന്നുവെന്നും എന്നാൽ സമ്മർദത്തെ തുടർന്ന് യു എൻ ഏജൻസിക്ക് പിന്മാറേണ്ടി വന്നതാണെന്നും പറയപ്പെടുന്നു. ഇസ്റാഈലും സായുധ ഗ്രൂപ്പുകളും നേരത്തേ തന്നെ യു എൻ മാർഗനിർദേശങ്ങൾ ലംഘിച്ചതിന്റെ തെളിവുകളുണ്ടായിരുന്നു. എങ്കിലും അവരെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് മനുഷ്യാവകാശ സംഘടനയായ വാച്ച്‌ലിസ്റ്റിന്റെ ഡയറക്ടർ എസ്‌ക്യൂയെൽ ഹഫീസ് പറഞ്ഞു. കുട്ടികൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ നേരത്തേ തന്നെ യു എൻ ഇസ്റാഈലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദേശങ്ങൾ അംഗീകരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം 6,000ത്തിലധികം കുടിയേറ്റക്കാർ അഭയം പ്രാപിച്ച ഗസ്സയിലെ യു എൻ സ്‌കൂളിനു നേരെ അന്താരാഷ്ട്ര മുന്നറിയിപ്പുകൾ പരിഗണിക്കാതെ ഇസ്റാഈൽ നടത്തിയ കിരാത ആക്രമണത്തിൽ 50ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ നിന്ന് നിരവധി കുട്ടികളുടെ മൃതദേഹങ്ങൾ കിട്ടിയതായും റിപോർട്ടുകളുണ്ട്.