israel attack on gaza
ഇസ്‌റാഈലിന്റെ സമ്പൂര്‍ണ ഗാസ ഉപരോധത്തെ യു എന്‍ അപലപിച്ചു; 1.8 ലക്ഷം പേര്‍ വീടുവിട്ടിറങ്ങി
നിലവിലെ പോരാട്ടം ശൂന്യതയില്‍ നിന്ന് ഉത്ഭവിച്ചതല്ലെന്നും അവസാനിക്കുമെന്ന് യാതൊരു തീര്‍പ്പുമില്ലാത്ത പതിറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തില്‍ നിന്നുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.

ജനീവ/ ഗാസ | ഫലസ്തീനിലെ ഗാസ മുനമ്പിനെ സമ്പൂര്‍ണമായി ഉപരോധിക്കുമെന്ന ഇസ്‌റാഈല്‍ നിലപാടിനെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. നിലവിലെ ദുരവസ്ഥയെ കൂടുതല്‍ വഷളാക്കുന്നതാണ് ഈ തീരുമാനം. ഇസ്‌റാഈലിന്റെ നിലപാടില്‍ ഏറെ വേദനയുണ്ടെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
നിലവിലെ പോരാട്ടം ശൂന്യതയില്‍ നിന്ന് ഉത്ഭവിച്ചതല്ലെന്നും അവസാനിക്കുമെന്ന് യാതൊരു തീര്‍പ്പുമില്ലാത്ത പതിറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തില്‍ നിന്നുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം, വെള്ളം, ഇന്ധനം തുടങ്ങിയ യാതൊരു അടിസ്ഥാന ആവശ്യവും ഗാസയിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്ന് ഇസ്‌റാഈലി പ്രതിരോധ മന്ത്രി യോവ് ഗല്ലന്ത് പ്രഖ്യാപിച്ചിരുന്നു. 2007 മുതല്‍ ഇസ്‌റാഈലിന്റെ കര, വ്യോമ, നാവിക ഉപരോധത്തിലാണ് ഗാസ.
അതിനിടെ, ഗാസയില്‍ കൂട്ടപ്പലായനമാണെന്ന് യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് (ഉനര്‍വ) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 1.8 ലക്ഷം പേരാണ് വീട് ഉപേക്ഷിച്ച് അഭയാര്‍ഥി ക്യാമ്പുകളിലെത്തിയത്. ഇതിനിയും വര്‍ധിക്കാനാണ് സാധ്യത. ഉനര്‍വയുടെ 83 സ്‌കൂളുകളിലായി 1.37 ലക്ഷം പേര്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണം ലോക ഭക്ഷ്യ പദ്ധതിയുമായി (ഡബ്ല്യു എഫ് പി) ചേര്‍ന്നാണ് വിതരണം ചെയ്യുന്നത്.