Connect with us

gaza

ഇസ്‌റാഈല്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു എന്‍ പൊതുസഭ; ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു

അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യം

Published

|

Last Updated

ജനീവ | ഇസ്‌റാഈല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു എന്‍ പൊതുസഭ ആവശ്യപ്പെട്ടു. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു.

അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗസ്സയിലുള്ളവര്‍ക്കു സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രമേയം അപകീര്‍ത്തികരമെന്ന് ഇസ്‌റാഈല്‍ പ്രതികരിച്ചു. ഇതിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കുകയാണ്.

ഇസ്‌റാഈല്‍ ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിലെ വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായി തകര്‍ന്നു. മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായി നിശ്ചലമായി. ഇന്റര്‍നെറ്റ് ബന്ധം ഇസ്‌റാഈല്‍ വിച്ഛേദിച്ചതായി ഹമാസ് ആരോപിച്ചു. വാര്‍ത്താവിനിമയ ബന്ധം നിലച്ചതോടെ ഗസ്സയില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

അതിര്‍ത്തിയോട് ചേര്‍ന്നു മൂന്നിടത്തു ശക്തമായ വ്യോമാക്രമണം നടക്കുകയാണ്. ഗസ്സയിലെ അല്‍ഷിഫ, ഇന്തോനേഷ്യ ആശുപത്രികള്‍ക്കു സമീപവും ബ്രീജിലെ അഭയാര്‍ഥി ക്യാമ്പിനു സമീപവും ഇസ്‌റാഈല്‍ ശക്തമായ ബോംബാക്രമണം നടത്തി.

കരമാര്‍ഗമുള്ള ആക്രമണം ഇന്നലെ രാത്രി മുതല്‍ തുടങ്ങുമെന്ന് ഇസ്‌റാഈല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഗസ്സയില്‍ ടാങ്കുകള്‍ വിന്യസിച്ചു.

 

Latest