Articles
കുറ്റത്തിന് കൈയടിക്കുന്ന (അ)ന്യായ വിധികള്‍
ബെംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച ന്യായാധിപന് പിറകെ ന്യൂനപക്ഷ അപരവത്കരണം മുഴച്ചു നില്‍ക്കുന്ന വിവാദ വിധിയുമായി അതേ ഹൈക്കോടതിയിലെ മറ്റൊരു ന്യായാധിപനും രംഗത്തെത്തിയിരിക്കുന്നു എന്നത് നിസ്സാരമായി കാണേണ്ടതല്ല. സമീപ വര്‍ഷങ്ങളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് സമാന വിധികള്‍ വേറെയും ഉണ്ടായിട്ടുണ്ട്.
മസ്ജിദില്‍ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിച്ചത് മതവികാരം വ്രണപ്പെടുത്തുന്ന നടപടിയല്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ പുതിയ വിധി. ഭാരതീയ ന്യായ സന്‍ഹിത പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് 2023 സെപ്തംബര്‍ 24ന് നടന്ന സംഭവമായതിനാല്‍ ഐ പി സി 295എ വകുപ്പനുസരിച്ച് മതവികാരം വ്രണപ്പെടുത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസിലാണിപ്പോള്‍ കുറ്റാരോപിതര്‍ക്കെതിരെ വിചാരണാ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. പ്രസ്താവിത ദിവസം രാത്രി 10.50ന് അജ്ഞാതര്‍ മസ്ജിദില്‍ അതിക്രമിച്ച് കടന്ന് ജയ് ശ്രീറാം വിളിക്കുകയും മുതവല്ലിയെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അന്വേഷണ സംഘം കുറ്റം ചെയ്ത രണ്ട് പേരിലേക്കെത്തുകയായിരുന്നു ഒടുവില്‍. തങ്ങള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചതിലാണിപ്പോള്‍ ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഞെട്ടിക്കുന്ന വിധിയുണ്ടായിരിക്കുന്നത്.
കുറ്റാരോപിതരുടെ പ്രവൃത്തി ഐ പി സിയിലെ 295എ വകുപ്പ് പ്രകാരം ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണം. ന്യായാധിപന് അക്കാര്യം മനസ്സിലാകാതിരിക്കാനുള്ള ന്യായം കേസിലെ പരാതിയില്‍ പറയുന്ന കാര്യമാണത്രെ. അതായത് അതിക്രമിച്ച് കടന്ന മസ്ജിദ് ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് ഹിന്ദുക്കളും മുസ്ലിംകളും സൗഹൃദത്തോടെയാണ് ജീവിക്കുന്നതെന്ന് പരാതിയില്‍ പറയുന്നുണ്ട്. അവ്വിധം സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് പള്ളിയില്‍ അതിക്രമിച്ച് കടന്ന് ജയ് ശ്രീറാം വിളിച്ചാല്‍ അത് മതവികാരം വ്രണപ്പെടുത്തുന്നതല്ലെന്ന അതിരു കടന്ന വ്യാഖ്യാനമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മതവികാരം വ്രണപ്പെടുത്തല്‍ കുറ്റകൃത്യത്തിന് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. രാത്രിയില്‍ അസാധാരണ സമയത്ത് പള്ളിയില്‍ അതിക്രമിച്ച് കടന്ന് ജയ് ശ്രീറാം വിളിച്ചതാണെന്ന സത്യം നിലനില്‍ക്കെയാണ് സൗഹൃദ നാടല്ലേ എന്ന് നീതിപീഠം ചോദിക്കുന്നത്. പരാതിക്കാരെ പരിഹസിക്കുന്ന നിലപാടല്ലാതെ മറ്റെന്താണ് അതില്‍ തെളിയുന്നത്. മതാന്തരീയ സൗഹൃദം നിലനില്‍ക്കുന്ന നാട്ടില്‍ കലാപത്തിന്റെ വിത്തുപാകാനുള്ള നടപടിയായിരുന്നു കുറ്റാരോപിതരുടേത് എന്ന സാമാന്യ യുക്തിയെ അടിമേല്‍ മറിച്ചിടാനുള്ള ശ്രമമാണ് കര്‍ണാടക ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.
ഐ പി സിയിലെ 295എ വകുപ്പ് പ്രമേയമാകുന്ന മതവികാരം വ്രണപ്പെടുത്തലെന്ന കുറ്റകൃത്യത്തിന്റെ വേര് കിടക്കുന്നത് ബ്രിട്ടീഷ് കോമണ്‍ ലോയിലാണ്. ക്രൈസ്തവ മതാവഹേളനത്തെ ക്രിമിനല്‍ കുറ്റമാക്കുന്ന ഈശ്വരനിന്ദ(ആഹമുെവലാ്യ) എന്ന കുറ്റകൃത്യം ബ്രിട്ടീഷ് കോമണ്‍ ലോയിലുണ്ടായിരുന്നു. അതിന്റെ ഇന്ത്യന്‍ പതിപ്പായി 1927ല്‍ ക്രിമിനല്‍ നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്നതാണ് ഐ പി സി 295എ വകുപ്പ് പ്രകാരമുള്ള മതവികാരം വ്രണപ്പെടുത്തലെന്ന കുറ്റകൃത്യം. ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിത ജനാധിപത്യ പശ്ചാത്തലത്തില്‍ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശവുമായി ചേര്‍ന്നുപോകുന്നു മതവികാരം വ്രണപ്പെടുത്തലെന്ന കുറ്റകൃത്യം. അതിനാല്‍ തന്നെ പ്രസ്തുത കുറ്റകൃത്യം ഭരണഘടനാവിരുദ്ധമാകുമോ എന്ന നീതിന്യായ പുനഃപരിശോധനയും ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നടന്നിട്ടുണ്ട്. അതിന്റെ ഫലമായാണ് മതവികാരം വ്രണപ്പെടുത്തലെന്ന കുറ്റകൃത്യത്തിന് കീഴില്‍, അങ്ങനെ ആരോപിക്കപ്പെടുന്ന ഏത് പ്രവൃത്തിയും വരില്ലെന്ന തീര്‍പ്പില്‍ നീതിപീഠമെത്തിയത്. എന്നാല്‍ കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബഞ്ച് ആ നീതിപീഠ പക്ഷത്തല്ലെന്ന് വ്യക്തം. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്താത്തതോ ക്രമസമാധാനം തകര്‍ക്കാത്തതോ ആയ പ്രവൃത്തിയാണ് കുറ്റാരോപിതരുടേത്. അതിനാല്‍ മതവികാരം വ്രണപ്പെടുത്തുന്ന നടപടിയല്ല അതെന്ന ഹൈക്കോടതി നിരീക്ഷണം സംഗതമേയല്ല. കാരണം മതവികാരം വ്രണപ്പെടുത്തിയിരിക്കാനുള്ള സാധ്യത പോലും കുറ്റകൃത്യമാകുമെന്ന് പ്രസ്താവിത വകുപ്പിന്റെ വായനയില്‍ നിന്നും സുപ്രീം കോടതിയുടെ മുന്‍ വ്യാഖ്യാനങ്ങളില്‍ നിന്നും മനസ്സിലാകും. സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടാത്തതിനാല്‍ കുറ്റാരോപിതരുടേത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയല്ലെന്ന് കണ്ടെത്തുന്ന കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബഞ്ച്, ഇരയായവര്‍ പ്രതികരിച്ചാല്‍ മാത്രമേ മതവികാരം വ്രണപ്പെടുത്തുന്ന കുറ്റകൃത്യമാകൂ എന്നാണോ പറയുന്നത്. പ്രതികരിക്കുമ്പോഴാണല്ലോ നാട്ടിലെ സമാധാനാന്തരീക്ഷം തകരുന്നത്. നിയമവാഴ്ചക്ക് കാവലിരിക്കേണ്ട ന്യായാസനം തന്നെ അത് തകരുന്നതിന് പരോക്ഷ പിന്തുണ നല്‍കുന്നത് എത്രമേല്‍ കഷ്ടമാണ്. മസ്ജിദില്‍ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിക്കുക വഴി പ്രദേശത്ത് സമാധാന ഭംഗം സംഭവിച്ചിട്ടില്ലെങ്കില്‍ ഇരകള്‍ സംയമനം പാലിച്ചെന്നോ ഭീതിയിലായെന്നോ ആണ് അതിനര്‍ഥം. അവരുടെ മതവികാരം വ്രണപ്പെട്ടിട്ടില്ലെന്നല്ല. സമാധാന ഭംഗമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്ന് തീര്‍പ്പിടുന്ന ന്യായാസനം സംഘ്പരിവാറിന്റെ സ്വരമാണ് അറിഞ്ഞോ അറിയാതെയോ പുറപ്പെടുവിക്കുന്നത്. ഇരകളായ ന്യൂനപക്ഷ വിഭാഗത്തിന്റെ സംയമന നിലപാട് വിശദീകരിച്ച് ഇവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന ലാഘവ ബുദ്ധി സംഘ്പരിവാര്‍ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്.
കേസില്‍ ഐ പി സി 447ാം വകുപ്പ് പ്രകാരം ചുമത്തിയ അതിക്രമിച്ച് കടന്നെന്ന കുറ്റകൃത്യമേ നടന്നിട്ടില്ലെന്നാണ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ തീര്‍പ്പ്. മസ്ജിദ് പൊതുസ്ഥലമാണെന്നും അതിനാല്‍ അവിടെ പ്രവേശിക്കുന്നത് പ്രസ്താവിത കുറ്റകൃത്യമാകില്ലെന്നും കണ്ടെത്തുന്ന സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഓരോ വിഭാഗത്തിന്റെയും ആരാധനാലയങ്ങള്‍ പവിത്ര ഇടങ്ങളാണെന്നിരിക്കെ അവയെ പൊതു സ്ഥലങ്ങളായി കാണുക വഴി ആരാധനാലയങ്ങളില്‍ ആര്‍ക്കും എപ്പോഴും എന്തുമാകാമെന്ന തീര്‍പ്പിടുന്നത് നമ്മുടെ മതനിരപേക്ഷ കാഴ്ചപ്പാടിന്റെ ശിരസ്സറുക്കുന്ന സമീപനമല്ലാതെ മറ്റൊന്നുമല്ല.
ക്രിക്കറ്റ് താരമായ മഹേന്ദ്ര സിംഗ് ധോണിയുമായി ബന്ധപ്പെട്ട മതവികാരം വ്രണപ്പെടുത്തല്‍ കേസ് മറ്റൊരു സാഹചര്യത്തിലുള്ളതാണ്. ഒരു മാഗസിനില്‍ വന്ന പരസ്യത്തില്‍ ഹൈന്ദവ വിഷ്ണു ദേവനായി ‘വലിയ ഇടപാടുകളുടെ ദൈവം’ എന്ന ഉദ്ധരണിയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനെ ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്നായിരുന്നു കേസ്. 2017 ഏപ്രില്‍ 20ന് സുപ്രീം കോടതി മൂന്നംഗ ബഞ്ച് ധോണിക്കെതിരായ ക്രിമിനല്‍ നടപടി റദ്ദാക്കിയത് അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യവുമായി നേര്‍ക്കുനേര്‍ വരുന്ന നിയമ വ്യവഹാരത്തിന്റെ മെറിറ്റ് പരിശോധിച്ചു കൊണ്ടാണ്. അതല്ലല്ലോ പള്ളിയില്‍ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിക്കുകയും മുതവല്ലിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യം. അതേസമയം 1957ലെ റാംജിലാല്‍ മോദി കേസില്‍ ഗോരക്ഷക് മാസികയുടെ പബ്ലിഷറെ കോടതി ശിക്ഷിച്ചത് ഇവിടെ പ്രസക്തമാണ്. ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തണമെന്ന ബോധപൂര്‍വമായ പ്രവൃത്തിയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി സ്വീകരിച്ചത്. അത് അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യമല്ല. പ്രസ്തുത സ്വാതന്ത്ര്യത്തിന് ഭരണഘടന തന്നെ മുന്നോട്ടുവെക്കുന്ന ന്യായമായ നിയന്ത്രണങ്ങളില്‍ ഒന്നായ ക്രമസമാധാന സംരക്ഷണത്തിന് എതിരാണ് പബ്ലിഷറുടെ നടപടിയെന്ന് വ്യക്തമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്.
ബെംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച ന്യായാധിപന് പിറകെ ന്യൂനപക്ഷ അപരവത്കരണം മുഴച്ചു നില്‍ക്കുന്ന വിവാദ വിധിയുമായി അതേ ഹൈക്കോടതിയിലെ മറ്റൊരു ന്യായാധിപനും രംഗത്തെത്തിയിരിക്കുന്നു എന്നത് നിസ്സാരമായി കാണേണ്ടതല്ല. സമീപ വര്‍ഷങ്ങളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് സമാന വിധികള്‍ വേറെയും ഉണ്ടായിട്ടുണ്ട്. ഹൈക്കോടതിയുടെ ഹിജാബ് വിധി ഭരണഘടനാപരതയില്‍ നിന്ന് തെന്നിമാറിയതും പൊരുത്തക്കേടുകള്‍ നിറഞ്ഞതുമായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചായിരുന്നു പ്രസ്തുത വിധി പുറപ്പെടുവിച്ചിരുന്നത്. മുഖ്യ ന്യായാധിപനായി വിരമിച്ച അവസ്തിക്ക് വരമ്പത്തെന്നോണം കൂലിയും വെച്ചടി കയറ്റവും ലഭിക്കുന്നതാണ് പിന്നെ നാം കണ്ടത്. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം വൈകാതെ തന്നെ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി അവരോധിതനായ റിതുരാജ് അവസ്തിക്ക് ലഭിച്ച പോസ്റ്റ് റിട്ടയര്‍മെന്റ് അപ്പോയിന്‍മെന്റ്സ് സമീപകാലത്ത് മറ്റൊരു ന്യായാധിപനും ലഭിച്ചിട്ടുണ്ടാകില്ല. 2024 മാര്‍ച്ച് 26ന് ലോ കമ്മീഷന്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞ മുറക്ക് 27ാം തീയതി ലോക്പാലിലെ ജുഡീഷ്യല്‍ മെമ്പറായി നിയമിക്കപ്പെട്ട കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിന് പ്രസ്തുത പദവിയില്‍ 2029 മാര്‍ച്ച് 26 വരെ കാലാവധിയുണ്ടെന്നോര്‍ക്കണം. ന്യായാസനങ്ങളില്‍ ഭരണകൂട താത്പര്യ സംരക്ഷകരാകുക വഴി വിരമിച്ച ശേഷം അടുത്തൂണ്‍ പറ്റാന്‍ സങ്കേതമുറപ്പിച്ച ന്യായാധിപരായ എത്രയോ പേരെ സമീപ വര്‍ഷങ്ങളില്‍ നാം കണ്ടതാണ്. അതിനിനിയും തുടര്‍ച്ചയുണ്ടാകില്ലെന്നാര് കണ്ടു. അപ്പോഴും നമ്മുടെ ഭരണഘടന തന്നെയാണ് കോടതി മുറിയില്‍ ഓരോ ന്യായാധിപന്റെയും വേദവാക്യമെന്ന തീര്‍ച്ചയെ ആത്മവിശ്വാസത്തോടെ നമുക്ക് ഓര്‍മിപ്പിക്കാം.