Connect with us

gaza

ഗസ്സ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭ; ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു

ഓരോ ദിവസവും ശരാശരി 134 കുട്ടികളാണ് അവിടെ മരിച്ചുവീഴുന്നത്

Published

|

Last Updated

ടെല്‍അവീവ് | ഇസ്‌റാഈല്‍ ഘോരയുദ്ധം നടത്തുന്ന ഗസ്സ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം. ഗസ്സയില്‍ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇസ്്‌റാഈലിനോട് ആവശ്യപ്പെട്ടു.യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറയുന്നത്. ഓരോ ദിവസവും ശരാശരി 134 കുട്ടികളാണ് അവിടെ മരിച്ചുവീഴുന്നത്. ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

ഗസ്സയില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാര്‍ഷിക കണക്കുകളേക്കാള്‍ മുകളിലാണ്. ഇതിനോടകം പതിനായിരം കടന്ന മരണസംഖ്യയില്‍ 40% ത്തില്‍ അധികമാണ് കുഞ്ഞുങ്ങള്‍.

വടക്കന്‍ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയുടെ നേരെ ഇസ്രയേല്‍ സൈന്യം വീണ്ടും ആക്രമണം നടത്തി. കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി ഫലസ്തീനികളും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.