Connect with us

International

ഇസ്‌റാഈല്‍-ഹമാസ് യുദ്ധത്തെ അപലപിച്ച് യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം; വീറ്റോ ചെയ്ത് യു എസ്

സ്വയം പ്രതിരോധത്തിനുള്ള ഇസ്‌റാഈലിന്റെ അവകാശത്തെ ഹനിക്കുന്നതിനാലാണ് പ്രമേയം വീറ്റോ ചെയ്തതെന്ന് യു എന്നിലെ യു എസ് അംബാസഡര്‍.

Published

|

Last Updated

ന്യൂയോര്‍ക്ക് | ഇസ്‌റാഈല്‍-ഹമാസ് അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം വീറ്റോ ചെയ്ത് യു എസ്. സ്വയം പ്രതിരോധത്തിനുള്ള ഇസ്‌റാഈലിന്റെ അവകാശത്തെ ഹനിക്കുന്നതിനാലാണ് പ്രമേയം വീറ്റോ ചെയ്തതെന്ന് യു എന്നിലെ യു എസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് വ്യക്തമാക്കി.

ബ്രസീല്‍ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ആകെയുള്ള 15 കൗണ്‍സില്‍ അംഗങ്ങളില്‍ 12 രാഷ്ട്രങ്ങളും വോട്ട് ചെയ്തപ്പോള്‍ റഷ്യയും ബ്രിട്ടനും പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തതെങ്കിലും അഞ്ച് സ്ഥിരാംഗങ്ങളില്‍ ഒന്നായതിനാല്‍ ആ വോട്ട് വീറ്റോയായി പരിഗണിക്കും.

ഇസ്‌റാഈലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പരാമര്‍ശിക്കാതെയുള്ള പ്രമേയം അമേരിക്കയെ സംബന്ധിച്ച് നിരാശയുളവാക്കുന്നതാണെന്ന് വോട്ടെടുപ്പിനു ശേഷം യു എസ് അംബാസഡര്‍ പറഞ്ഞു.

എല്ലാ ഭീകര പ്രവര്‍ത്തനങ്ങളെയും സിവിലിയന്മാര്‍ക്കെതിരായ അക്രമങ്ങളെയും കടുത്ത ഭാഷയില്‍ അപലപിക്കുന്നതായി യു എന്‍ പ്രമേയത്തില്‍ പറഞ്ഞു. ‘ഹമാസ് നടത്തിയ ക്രൂരമായ ഭീകരാക്രമണത്തെയും കൂട്ടക്കൊലയെയും കൗണ്‍സില്‍ അസന്നിഗ്ധമായി തള്ളിക്കളയുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായുള്ള എല്ലാ ചുമതലകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ കക്ഷികളും തയ്യാറാകണം.’

പശ്ചിമേഷ്യയില്‍ പടരുന്ന അക്രമ സംഭവങ്ങളെ അപലപിച്ചുള്ള റഷ്യയുടെ പ്രമേയം സുരക്ഷാ കൗണ്‍സില്‍ തള്ളിക്കളഞ്ഞതിനു പിന്നാലെയാണ് പുതിയ പ്രമേയത്തില്‍ വോട്ടിങ് നടന്നത്.

Latest