Connect with us

International

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎൻ രക്ഷാസമിതി

ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഈ ഹീനമായ ഭീകരകൃത്യത്തിന്റെ സംഘാടകരെയും സ്പോൺസർമാരെയും നീതിപീഠത്തിൽ എത്തിക്കണമെന്നും സമിതി

Published

|

Last Updated

ഐക്യരാഷ്ട്രസഭ | ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎൻ രക്ഷാസമിതി. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഈ ഹീനമായ ഭീകരകൃത്യത്തിന്റെ സംഘാടകരെയും സ്പോൺസർമാരെയും നീതിപീഠത്തിൽ എത്തിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിലെ ഭീകരാക്രമണം എന്ന വിഷയത്തിൽ 15 അംഗ രക്ഷാസമിതി പ്രസ്താവന പുറത്തിറക്കി. ഏപ്രിൽ 22 ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ സമിതി അംഗങ്ങൾ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അന്താരാഷ്ട്ര നിയമത്തിനും, ബന്ധപ്പെട്ട രക്ഷാസമിതി പ്രമേയങ്ങൾക്കും അനുസൃതമായി, ഈ വിഷയത്തിൽ എല്ലാ ബന്ധപ്പെട്ട അധികാരികളുമായി സജീവമായി സഹകരിക്കാൻ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദങ്ങളും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണെന്ന് യുഎൻ രക്ഷാസമിതി അംഗങ്ങൾ ഊന്നിപ്പറഞ്ഞു. ഏതൊരു ഭീകരവാദ പ്രവർത്തനവും, അതിൻ്റെ പ്രചോദനം എന്തായിരുന്നാലും, എവിടെ നടന്നാലും, എപ്പോൾ നടന്നാലും, ആര് ചെയ്താലും അത് ക്രിമിനൽ കുറ്റവും ന്യായീകരിക്കാനാവാത്തതുമാണെന്നും അവർ ആവർത്തിച്ചു.

ഏപ്രിൽ മാസത്തിൽ ഫ്രാൻസാണ് രക്ഷാസമിതിയുടെ അധ്യക്ഷൻ. ഫ്രാൻസിൻ്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി അംബാസഡർ ജെറോം ബോണാഫോണ്ടാണ് പ്രസ്താവന പുറത്തിറക്കിയത്. യുഎസ് ആണ് പ്രസ്താവനയുടെ കരട് തയ്യാറാക്കിയതെന്നും, പിന്നീട് അത് കൗൺസിൽ അംഗങ്ങൾ ചർച്ച ചെയ്തെന്നുമാണ് വിവരം. പാകിസ്ഥാൻ നിലവിൽ യുഎൻ രക്ഷാസമിതിയിൽ താൽക്കാലിക അംഗമാണ്.

ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാൾ പൗരനും കൊല്ലപ്പെട്ടു. ഇരകളിൽ ഭൂരിഭാഗവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു.

 

---- facebook comment plugin here -----

Latest