Kerala
പ്രതികരിക്കാന്‍ സൗകര്യമില്ല; തൃശൂരില്‍ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി
എന്റെ വഴി എന്റെ അവകാശമാണെന്ന് പറഞ്ഞ് ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം കാറില്‍ കയറിപ്പോകുകയായിരുന്നു.
തൃശൂര്‍ | തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.മുകേഷ് രാജിവയ്ക്കണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരണം ആരാഞ്ഞപ്പോഴാണ്
മറുപടി പറയാന്‍ സൗകര്യമില്ലെന്ന് പറഞ്ഞുകൊണ്ട് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റിയത്. എന്റെ വഴി എന്റെ അവകാശമാണെന്ന് പറഞ്ഞ് ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം കാറില്‍ കയറിപ്പോകുയും ചെയ്തു.
ഇത് നിങ്ങളുടെ തീറ്റയാണ്. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങള്‍ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണെന്നുമാണ് രാവിലെ മാധ്യമങ്ങളോട് സുരേഷ്ഗോപി പ്രതികരിച്ചത്.
എന്നാല്‍ സുരേഷ് ഗോപിയുടെ അഭിപ്രായത്തെ വിലകുറച്ച് കാണുന്നില്ല. ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രനും വ്യക്തമാക്കി.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മുകേഷിനെ പിന്തുണച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ നിലപാട് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.