National
സൗജന്യങ്ങള്‍ കണക്കില്ലാതെ നല്‍കുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച ശേഷമേ പ്രഖ്യാപനങ്ങള്‍ നടത്താന്‍ പാടുള്ളൂ.
ന്യൂഡല്‍ഹി| സൗജന്യങ്ങള്‍ കണക്കില്ലാതെ നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച ശേഷമേ പ്രഖ്യാപനങ്ങള്‍ നടത്താന്‍ പാടുള്ളൂ. അല്ലാത്തപക്ഷം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
ചെലവ് നിയന്ത്രിക്കാതിരിക്കുകയും കടമെടുപ്പ് കൂട്ടുകയും ചെയ്ത് സാമ്പത്തിക തകര്‍ച്ച നേരിട്ട ശ്രീലങ്കയെയും പാകിസ്ഥാനെയും ധനമന്ത്രാലയം ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അടക്കം സാമൂഹ്യക്ഷേമ രംഗത്തെ സൗജന്യങ്ങള്‍ നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കി.
എന്നാല്‍ സൗജന്യമായി വെള്ളവും വൈദ്യുതിയും നല്‍കുന്നത് ഖജനാവ് കാലിയാക്കുന്ന കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ തന്നെ കൈകാര്യം ചെയ്യണം. മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.