Connect with us

National

വീട്ടിൽ കണക്കിൽപെടാത്ത പണം: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മക്ക് എതിരെ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി

ജുഡീഷ്യൽ സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹരജിക്കാരൻ

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയാണ് യശ്വന്ത് വർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഹരജി സമർപ്പിച്ചത്. ജുഡീഷ്യൽ സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹരജിയിൽ പറയുന്നു.

സംഭവത്തിൽ പല ദുരൂഹതകളും നിലനിൽക്കുന്നുണ്ട്. പണം കണ്ടെത്തിയ മുറി തുറന്നു കിടക്കുകയായിരുന്നു എന്നാണ് യശ്വന്ത് വർമ്മയുടെ വിശദീകരണം. എന്നാൽ മുറി പൂട്ടിയാണ് കിടന്നതെന്നാണ് ഡൽഹി പൊലീസിന്റെ റിപ്പോർട്ട്.

മാർച്ച് 14 രാത്രി 11.30 ഓടെ കണ്ടെത്തിയ പണത്തെക്കുറിച്ച് ഡൽഹി പൊലീസ് കമ്മീഷണർ ഹൈക്കോടതി ജഡ്ജിയെ അറിയിച്ചത് മാർച്ച് 15 വൈകീട്ട് 4.30 ഓടെയാണ്. ഇക്കാര്യത്തിൽ ഡൽഹി പൊലീസ് ഇതുവരെ എഫ്‌ഐആർ രേഖപ്പെടുത്തിയിട്ടുമില്ല.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഉടൻ നടപടികൾ ആരംഭിക്കും. ഇതിനിടെയാണ് സുപ്രീം കോടതിയിൽ പോലീസ് അന്വേഷണം ആവശ്യപ്പട്ട് ഹരജി എത്തുന്നത്.

Latest