Kerala
അനധികൃത പണപ്പിരിവ്; നിയമ നടപടികളുമായി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്
ചാരിറ്റിയുടെ പേരില്‍ നടക്കുന്ന എല്ലാ തട്ടിപ്പുകളും കണ്ടുപിടിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും യോഗ തീരുമാനം
തിരുവനന്തപുരം | അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച് പണപ്പിരിവ് നടത്തുന്ന അഗതി മന്ദിരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്. സംസ്ഥാനത്തുടനീളം യാതൊരു അംഗീകാരവുമില്ലാതെ പലയിടങ്ങളിലും അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും അനധികൃതമായി ഇതര സംസ്ഥാനക്കാരെയും കുട്ടികളെയും ഉപയോഗിച്ച് വ്യാപകമായി വ്യാജപ്പിരിവുകള്‍ വന്‍തോതില്‍ നടത്തുന്നതായും തിരുവനന്തപുരം വികാസ് ഭവനില്‍ ചേര്‍ന്ന കേരള സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മീറ്റിംഗില്‍ ബോര്‍ഡ് അംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് നടപടികളിലേക്ക് കടക്കുന്നത്.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെമ്പര്‍ സെക്രട്ടറി എം കെ സിനുകുമാര്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. ചാരിറ്റിയുടെ പേരില്‍ നടക്കുന്ന എല്ലാ തട്ടിപ്പുകളും കണ്ടുപിടിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനമെടുത്തു.
യോഗത്തില്‍ ബോര്‍ഡ് മെമ്പര്‍മാരായ ഫാ. റോയ് മാത്യു വടക്കേല്‍, ഫാ. ജോര്‍ജ് ജോഷ്വാ, ഫാ. ലിജോ ചിറ്റിലപ്പിളളി, സിസ്റ്റര്‍ വിനീത, സിസ്റ്റര്‍ മെറിന്‍, നസീമ ജമാലുദ്ദീന്‍, സുമലത മോഹന്‍ദാസ്, പ്രൊഫ. പി ഇമ്പിച്ചികോയ, ഡോ. പുനലൂര്‍ സോമരാജന്‍ പങ്കെടുത്തു.