Kerala
അനധികൃത സാമ്പത്തിക ഇടപാട്; ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇ ഡി
കൊച്ചി ഇ ഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചിട്ടി തട്ടിപ്പ് സംബന്ധിച്ചും ഇ ഡി പരിശോധന നടത്തുന്നുണ്ട്.

കൊച്ചി | അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചി ഇ ഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചിട്ടി തട്ടിപ്പ് സംബന്ധിച്ചും ഇ ഡി പരിശോധന നടത്തുന്നുണ്ട്.
നേരത്തെ തന്നെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതി ഇ ഡിക്ക് ലഭിച്ചിരുന്നു. അനധികൃതമായാണ് ചിട്ടി ഇടപാടുകള്‍ നടക്കുന്നതെന്നും പരാതിയിലുണ്ട്. ചിട്ടി ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഇ ഡി ചോദിച്ചറിഞ്ഞു. രാജ്യത്ത് ഉടനീളം 420 ശാഖകളാണ് ഗോകുലം ചിറ്റ്‌സിനുള്ളത്. ഗോകുലം ചിറ്റ്‌സ് ഉടമ ഗോകുലം ഗോപാലന്‍ പ്രതിയായ അനധികൃത ചിട്ടി കേസുകള്‍ പിന്‍വലിപ്പിച്ചത് വിവാദമായിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു നടപടി.
സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഇടപെടലിന്റെ രേഖകളും പുറത്ത് വന്നിരുന്നു. അനധികൃത ചിട്ടി നടത്തിപ്പിലൂടെ 60 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടം സര്‍ക്കാരിനുണ്ടായിട്ടും ഗോകുലം ഗോപാലനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.