pak politics
പാതിരാ അവിശ്വാസം പാസ്സായി; ഇംറാന്‍ ഖാന്‍ ഔട്ട്
സ്പീക്കര്‍ അസദ് ഖൈസര്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജിവെച്ചു.
ഇസ്ലാമാബാദ് | നാഷനല്‍ അസംബ്ലിയില്‍ പാതിരാത്രി അവിശ്വാസ പ്രമേയം പാസ്സാക്കി പാക്കിസ്ഥാന്‍ പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇംറാന്‍ ഖാനെ പുറത്താക്കി. സ്പീക്കര്‍ അസദ് ഖൈസര്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജിവെച്ചു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടിയായ പി എം എല്‍- എന്നിന്റെ അയാസ് സാദിഖ് ആണ് ചെയറിലിരുന്നത്. പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള വിദേശ ഗൂഢാലോചനയില്‍ പങ്കെടുക്കാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞാണ് അസദ് ഖൈസര്‍ സ്പീക്കര്‍ സ്ഥാനം രാജിവെച്ചത്. ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചിരുന്നു.
സുപ്രീം കോടതിയുടെ അന്ത്യശാസനം അവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കിനില്‍ക്കെയാണ് പാതിരാത്രിക്ക് ദേശീയ അസംബ്ലിയില്‍ അവിശ്വാസ വോട്ടെടുപ്പ് നടത്തിയത്. കോടതിയലക്ഷ്യ നടപടികൾക്ക് വേണ്ടി സുപ്രീം കോടതിയും ഇസ്ലാമാബാദ് ഹൈക്കോടതിയും പാതിരാത്രി സിറ്റിംഗിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. അന്ത്യശാസനം ലംഘിച്ചാൽ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.