Connect with us

SHEIKH HASINA

അനിശ്ചിതത്വം തുടരുന്നു; ഷെയ്ഖ് ഹസീന എങ്ങോട്ട്‌ പോകും?

തിങ്കളാഴ്ച രാജ്യം വിട്ടതുമുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിലാണ്. ഹസീനയ്‌ക്ക്‌ അടുത്ത നീക്കം തീരുമാനിക്കാൻ സമയം നൽകിയതായി സർക്കാർ സർവകക്ഷി യോഗത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

Published

|

Last Updated

രണ്ട് ദിവസം മുമ്പ് ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച്‌ ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയുടെ തുടർനീക്കം അനിശ്ചിതത്വത്തിൽ. ഇനിയും ഹസീന എവിടേക്കാണ് പോകുന്നത് എന്നതിനെക്കുറിച്ച്‌ വ്യക്തത വന്നിട്ടില്ല. ധാക്കയിൽ നിന്ന് രക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ, 76 കാരിയായ നേതാവ് യുകെയിൽ അഭയം തേടാൻ പദ്ധതിയിടുന്നതായി ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ബ്രിട്ടൻ അഭയം നൽകാൻ മടിച്ചതോടെ അവർ മറ്റ് വഴികൾ നോക്കുകയാണെന്നാണ്‌ റിപ്പോർട്ട്‌.

തൻ്റെ മാതാവ് യുകെയിൽ അഭയം തേടിയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നാണ്‌ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് ഹസീനയുടെ മകനും അവാമി ലീഗ് നേതാവുമായ സജീബ് വസേദ് ജോയ് പറഞ്ഞത്‌. ‘അവർ ഒരിടത്തും അഭയം അഭ്യർത്ഥിച്ചിട്ടില്ല, അതിനാൽ യുകെയോ യുഎസോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന വാർത്ത ശരിയല്ല.”‐ സജീബ്‌ പറഞ്ഞു.

ഡൽഹിയിൽ താമസിക്കുന്ന ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വാസെദ് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടറാണ്. എന്നാൽ ധാക്കയിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഷെയ്ഖ് ഹസീനയെ കണ്ടിട്ടില്ലെന്നാണ് അവരുടെ ട്വിറ്റർ പോസ്റ്റ് സൂചിപ്പിക്കുന്നത്.

എന്താണ്‌ യുകെ പറഞ്ഞത്?

ഷെയ്ഖ് ഹസീനയുടെ സഹോദരി ഷെയ്ഖ് രഹന യുകെ പൗരയാണ്. രഹനയുടെ മകൾ തുലിപ് സിദ്ദിഖ് ലേബർ പാർട്ടി നേതാവും കെയർ സ്റ്റാർമർ സർക്കാരിലെ മന്ത്രിയുമാണ്. കൂടാതെ, മുൻ പാകിസ്ഥാൻ പ്രസിഡൻ്റ് പർവേസ് മുഷറഫും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ഉൾപ്പെടെ ഏഷ്യയിലെ നിരവധി പ്രമുഖർക്ക് അഭയം നൽകിയതിൻ്റെ റെക്കോർഡും യുകെക്കുണ്ട്. ഇതെല്ലാം ഹസീന ധാക്കയിൽ നിന്ന് പലായനം ചെയ്തതിന് തൊട്ടുപിന്നാലെ യുകെയിലേക്കാണെന്ന്‌ ഉറപ്പിച്ചിരുന്നു.

എന്നാൽ വ്യക്തികൾക്ക്‌ താൽക്കാലിക അഭയം നൽകാൻ ബ്രിട്ടീഷ് ഇമിഗ്രേഷൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് യുകെ ഹോം ഓഫീസ് പ്രതികരിച്ചു.

യുഎസ് അഭയം നൽകുമോ?

ഷെയ്ഖ് ഹസീനയുടെ മകൻ ജോയ് യുഎസിലാണ് താമസിക്കുന്നത്. എന്നാൽ ഭരണകാലത്ത് അമേരിക്കയും ധാക്കയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് അവർ അങ്ങോട്ടേക്ക് മാറാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവാമി ലീഗ്‌ ജയിച്ചപ്പോഴും അമേരിക്ക അനുകൂലമായല്ല പ്രതികരിച്ചത്‌. രാഷ്ട്രീയ പ്രതിപക്ഷ അംഗങ്ങളുടെ അറസ്റ്റിലും തിരഞ്ഞെടുപ്പ് ദിനത്തിലെ ക്രമക്കേടുകളുടെ റിപ്പോർട്ടുകളിലും അമേരിക്ക ആശങ്കാകുലരാണെന്നായിരുന്നു അവരുടെ നിരീക്ഷണം. ഈ തിരഞ്ഞെടുപ്പുകൾ സ്വതന്ത്രമോ നീതിയുക്തമോ ആയിരുന്നില്ല എന്ന വീക്ഷണം മറ്റ് നിരീക്ഷകരുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് പങ്കിടുന്നുണ്ട്‌.

പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ഷെയ്ഖ് ഹസീനയുടെ വിസ യുഎസ് റദ്ദാക്കിയതായി ചില റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്നും വിസ രേഖകൾ രഹസ്യമാണെന്നും അധികൃതർ പറഞ്ഞു.

നേരത്തെ ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ് തങ്ങൾ നിൽക്കുന്നതെന്നും അമേരിക്ക പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്ക ഹസീനയ്‌ക്ക്‌ തുണയാകുമോ എന്ന്‌ കണ്ടറിയണം.

ഇന്ത്യയുടെ നിലപാട്‌

തിങ്കളാഴ്ച രാജ്യം വിട്ടതുമുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിലാണ്. ഹസീനയ്‌ക്ക്‌ അടുത്ത നീക്കം തീരുമാനിക്കാൻ സമയം നൽകിയതായി സർക്കാർ സർവകക്ഷി യോഗത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

ഇവിടെയും നയതന്ത്രപരമായ പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. പുറത്താക്കപ്പെട്ട നേതാവിനെ പരസ്യമായി പിന്തുണയ്ക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അത്‌ ബംഗ്ലാദേശിലെ പുതിയ നേതൃത്വവുമായുള്ള ബന്ധം സങ്കീർണ്ണമാക്കിയേക്കാം. അതോടൊപ്പം ഷെയ്ഖ് ഹസീനയുടെ ഇന്ത്യയുമായുള്ള ബന്ധത്തിൻ്റെ ചരിത്രവും മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്.

പ്രധാനമന്ത്രിയാകുന്നതിന് വളരെ മുമ്പുതന്നെ, 1975-ലെ ബംഗ്ലാദേശിലെ കലാപത്തിനിടെ പിതാവ് മുജീബുർ റഹ്മാൻ ഉൾപ്പെടെയുള്ള മുഴുവൻ കുടുംബവും കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ദിരാഗാന്ധി സർക്കാർ അവർക്ക് അഭയം നൽകിയിരുന്നു. അതിനാൽ ഇന്ത്യയുമായുള്ള ബന്ധം കണക്കിലെടുത്ത് ഈ ഘട്ടത്തിൽ ഹസീനയെ ഉപേക്ഷിക്കാനും ഇന്ത്യക്കാകില്ല.

Latest