Articles
അനിശ്ചിതത്വം ആസൂത്രിതമാണ്
പാക് രാഷ്ട്രീയത്തിൽ ഈ നാളുകളിൽ കാണുന്ന അനിശ്ചിതത്വവും ഫലം വരാനുള്ള കാലതാമസവുമൊന്നും സ്വാഭാവികമല്ല, സർവവും ആസൂത്രിതമാണ്. സൈനിക നേതൃത്വത്തിന്റെ ഇച്ഛക്കനുസരിച്ചേ അവിടെ കാര്യങ്ങൾ നടക്കൂ. എല്ലാ രാജ്യങ്ങൾക്കും സ്വന്തമായി ഒരു സൈന്യമുണ്ട്; പാക് സൈന്യത്തിന് സ്വന്തമായി ഒരു രാജ്യമുണ്ട് എന്ന് പറയുന്നത് വെറുംവാക്കല്ല.
പാകിസ്താനിൽ പാർലിമെന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കടുത്ത അനിശ്ചിതത്വത്തിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും രാജ്യം നീങ്ങുകയാണ്. ജയിലിലടക്കപ്പെട്ട മുൻ പ്രധാനമമന്ത്രി ഇംറാൻ ഖാനെ പിന്തുണക്കുന്ന സ്ഥാനാർഥികളാണ് ഒറ്റ ബ്ലോക്ക് എന്ന നിലയിൽ കൂടുതൽ സീറ്റുകളിൽ വിജയിച്ചിരിക്കുന്നത്. 99 സീറ്റിലാണ് ഇംറാൻ അനുകൂല സ്വതന്ത്രർ ജയിച്ചുകയറിയത്. 265 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 133 സീറ്റ്. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും നീക്കിവെച്ച സീറ്റുകൾ കൂടി കണക്കിലെടുത്താൽ മൊത്തം അംഗസംഖ്യ 336 ആകും. ആ കണക്ക് പ്രകാരം കേവല ഭൂരിപക്ഷത്തിന്റെ മാന്ത്രിക സംഖ്യ 169 ആണ്.
ഇപ്പോൾ ഭരണം കൈയാളുന്ന പാകിസ്താൻ മുസ്‌ലിം ലീഗ് (എൻ) 69ഉം ബിലാവൽ ഭൂട്ടോയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി 52 ഉം സീറ്റിലൊതുങ്ങി. ഇതെഴുതുമ്പോൾ അന്തിമ ഫലം വന്നിട്ടില്ല. വൈകുമെന്ന് തന്നെയാണ് പാക് രാഷ്ട്രീയം നിരീക്ഷിക്കുന്ന എല്ലാവരും പറയുന്നത്. നിരവധി കേസുകളിൽ നിയമനടപടി നേരിടുന്നതിലേക്ക് ഇംറാനെതിരെ കരുക്കൾ നീക്കിയ സൈനിക നേതൃത്വമടക്കമുള്ളവർക്ക് ഹിതകരമായ ഫലമല്ല പുറത്തുവന്നിരിക്കുന്നത്. ഇംറാൻ ഖാൻ പൂർണ ശരിയാണെന്നോ അദ്ദേഹത്തിന്റെ പാർട്ടി അധികാരത്തിൽ തിരിച്ചുവന്നാൽ പാകിസ്താനിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നോ അല്ല “ലോകവിശേഷം’ പറയുന്നത്. പക്ഷേ, അദ്ദേഹത്തോടും പാർട്ടിയോടും ജനാധിപത്യവിരുദ്ധമായ സമീപനമാണ് പാക് രാഷ്ട്രീയ, സൈനിക, നീതിന്യായ നേതൃത്വം കൈക്കൊണ്ടത് എന്നത് ആർക്കും നിഷേധിക്കാനാകില്ല. അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫി (പി ടി ഐ)ന്റെ ബാനറിൽ മത്സരിക്കാനുള്ള അവകാശം തടഞ്ഞു. അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നൽകിയില്ല. ബാലറ്റ് പേപ്പറിലെ ചിഹ്നം മാത്രം നോക്കി സമ്മതിദാന അവകാശം ഉപയോഗിക്കുന്ന പാക് വോട്ടർമാരിൽ നല്ലൊരു ശതമാനത്തിന് ആശയക്കുഴപ്പമുണ്ടായെന്നുറപ്പ്. പാർട്ടി എന്ന നിലയിൽ പ്രചാരണം നടത്താനും അനുവദിച്ചില്ല. നേതാവിനെ ജയിലിലാക്കുകയും ചെയ്തു. ഈ അനീതികളെ മറികടന്നാണ് ഇറാൻ ഖാന്റെ സ്വതന്ത്രർ ഇത്രയും സീറ്റുകളിൽ ജയിച്ചുകയറിയത്. പാക് ജനാധിപത്യം ശക്തിയാർജിക്കുന്നതിന്റെ തെളിവാണ് ആ സീറ്റുകൾ.
ഏറ്റവും ഒടുവിൽ ഉരുത്തിരിയുന്ന ചിത്രം നവാസ് ശരീഫും ബിലാവൽ ഭൂട്ടോയും കൈകോർത്ത് സർക്കാറുണ്ടാക്കുമെന്നതാണ്. ഇംറാന്റെ പാർട്ടിക്കാരല്ലാത്ത, സ്വതന്ത്ര എം പിമാരുടെ പിന്തുണ കിട്ടിയാൽ ഇത് സാധ്യമാകാവുന്നതേയുള്ളൂ. സംവരണം ചെയ്ത സീറ്റുകളിൽ നല്ല പങ്ക് ഈ രണ്ട് പാർട്ടികൾക്ക് ലഭിക്കുകയും ചെയ്യും. ഇംറാനെ പിന്തുണക്കുന്നവർ ഭൂരിപക്ഷം സീറ്റുകൾ നേടിയാലും ഭരണത്തിൽ വരാനാകില്ലെന്ന് നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്താൽ മനസ്സിലാകും. ഒന്നാമതായി, ഔദ്യോഗിക ചിഹ്നത്തിൽ മത്സരിക്കാത്ത സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടാൽ അവരെ പാർട്ടിയുടെ കണക്കിൽ എണ്ണാനാകില്ല. ഇംറാൻ ഖാൻ നിരവധി കേസുകളിൽ വിചാരണ നേരിടുന്നതിനാൽ അദ്ദേഹത്തെ മുൻനിർത്തി മുന്നോട്ട് പോകാൻ പി ടി ഐക്ക് സാധിക്കുകയുമില്ല. നാമനിർദേശം ചെയ്യുന്ന സീറ്റുകളിലൊന്ന് പോലും ഇംറാന്റെ പാർട്ടിക്ക് അവകാശപ്പെടാനാകില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. സംവരണ സീറ്റുകളിലേക്ക് നാമനിർദേശം ചെയ്യുന്നത് അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നേടിയ വോട്ടിന്റെ അടിസ്ഥാനത്തിലാണ്. എങ്കിലും പി ടി ഐയുടെ താത്കാലിക അധ്യക്ഷൻ ജൗഹർ അലി ഖാൻ ആത്മവിശ്വാസത്തിലാണ്. സർക്കാറുണ്ടാക്കുമെന്നാണ് അദ്ദേഹം കട്ടായം പറയുന്നത്. ഇംറാന്റെ അനുയായികൾക്ക് മുമ്പിൽ നാല് സാധ്യതകളാണുള്ളത്. ഒന്നുകിൽ ഒറ്റ ബ്ലോക്കായി നിന്ന് പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ മറ്റ് പാർട്ടികളിൽ ചേരാം. ഫലം പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിനകം ഈ കൂടുമാറ്റം നടത്തിയിരിക്കണം. മൂന്നാമത്തെ സാധ്യത മറ്റ് പാർട്ടികളെ പിന്തുണക്കുക എന്നതാണ്. ഭരണം കിട്ടില്ലെന്നു വന്നാൽ ഒറ്റക്കെട്ടായി പ്രതിപക്ഷത്തിരിക്കാനാകും അവർ തീരുമാനിക്കുക.
പാക് രാഷ്ട്രീയത്തിൽ ഈ നാളുകളിൽ കാണുന്ന അനിശ്ചിതത്വവും ഫലം വരാനുള്ള കാലതാമസവുമൊന്നും സ്വാഭാവികമല്ല, സർവവും ആസൂത്രിതമാണ്. സൈനിക നേതൃത്വത്തിന്റെ ഇച്ഛക്കനുസരിച്ചേ അവിടെ കാര്യങ്ങൾ നടക്കൂ. എല്ലാ രാജ്യങ്ങൾക്കും സ്വന്തമായി ഒരു സൈന്യമുണ്ട്; പാക് സൈന്യത്തിന് സ്വന്തമായി ഒരു രാജ്യമുണ്ട് എന്ന് പറയുന്നത് വെറുംവാക്കല്ല. പാക് ജനതയെ കൂടുതൽ രാഷ്ട്രീയവത്കരിക്കാനും “പട്ടാള ജനാധിപത്യ’ത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും ഭരണകാലത്തിന്റെ അവസാന ഘട്ടത്തിൽ ഇംറാൻ ഖാൻ തീരുമാനിച്ചിടത്താണ് എല്ലാ കുതന്ത്രങ്ങളും തുടങ്ങുന്നത്. ഭരണത്തിലേറാൻ സൈന്യത്തിന്റെ വിനീതവിധേയനാകുകയും എല്ലാ തീവ്രഗ്രൂപ്പുകളെയും താലോലിക്കുകയും ചെയ്ത ഇംറാൻ ഖാൻ പക്ഷേ, അവസാനം സ്വന്തം മനസ്സാക്ഷി പറയുന്നത് കേൾക്കാൻ തീരുമാനിച്ചു.
സൈന്യത്തിന്റെയും മതഗ്രൂപ്പുകളുടെയും പിടിയിൽ നിന്ന് കുതറി മാറി, അലറിയിളകുന്ന സ്റ്റേഡിയത്തിലെ പഴയ ഓൾറൗണ്ടറാകാൻ ആ ക്രിക്കറ്റ് ക്യാപ്റ്റൻ തീർച്ചപ്പെടുത്തിയതോടെ കളി അപ്പടി മാറി. ഒരു പക്ഷേ, പാക് പോളിറ്റിയിൽ സംഭവിക്കുന്ന മാറ്റത്തിൽ വിശ്വാസമുള്ളത് കൊണ്ടായിരിക്കാം അദ്ദേഹം ആ എടുത്തുചാട്ടം നടത്തിയത്. അതോടെ, പണ്ട് നവാസ് ശരീഫ് അനുഭവിച്ചതെല്ലാം ഇംറാൻ ഖാന് മുന്നിലും വന്നു. 2017ൽ നവാസ് ശരീഫ് പാനമ പേപ്പറിലാണ് കുടുങ്ങിയതെങ്കിൽ 2023ൽ ഇംറാൻ കുടുങ്ങിയത് തൊഷാഖാന കേസിലാണെന്ന് മാത്രം. പാക് സിവിലിയൻ നേതൃത്വം അഴിമതി നടത്തുന്നുണ്ട്. എന്നാൽ, ഈ അഴിമതിക്കഥകൾ കേസും കോടതിയും ജയിലുമായി മാറുന്നത് രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായാണ്. സൈന്യത്തിന്റെ ഇഷ്ടദാസൻമാരായി സിവിലിയൻ നേതൃത്വം കഴിയുമ്പോൾ അഴിമതി ഒരു പ്രശ്‌നമേയല്ല. യൂനിഫോമിട്ടവരും അല്ലാത്തവരും അഴിമതിയുടെ കുളിമുറിയിൽ നഗ്നരാകും. ഇന്ത്യയിൽ ബി ജെ പിക്കാരെ തേടി ഇ ഡി പോകുന്നില്ല എന്നതിന്റെ അർഥം അവർ അഴിമതി നടത്തുന്നില്ല എന്നാണോ? പ്രതിപക്ഷ നേതാക്കളുടെ അടുത്തേക്ക് മാത്രമാണല്ലോ ഇ ഡി ചെല്ലുന്നത്.
ഒന്നര ദശകത്തിലേറെയായി സിവിലിയൻ ഭരണത്തിൽ തുടരുന്ന പാകിസ്താനിൽ കൂടുതൽ നിയന്ത്രണം കൈപ്പിടിയിലൊതുക്കണമെന്ന് സൈന്യത്തിന് ആഗ്രഹമുണ്ട്. നേരത്തേ നവാസ് ശരീഫ് കൈക്കൊണ്ടതും ഒടുവിൽ ഇംറാൻ ഖാൻ തുടർന്നതും ഈ പൂതി അനുവദിക്കില്ലെന്ന സമീപനമാണ്. ആ അർഥത്തിൽ പാക് ജനാധിപത്യത്തെയും സിവിലിയൻ ഭരണത്തെയും സംരക്ഷിക്കാനുള്ള ശ്രമം തന്നെയാണ് ഇംറാൻ നടത്തിയത്. ഇംറാനെ തുടക്കത്തിൽ വിളിച്ചിരുന്നത് സെലക്ടഡ് പി എം എന്നായിരുന്നു. സൈന്യത്തിന്റെ സെലക്്ഷനിലൂടെ വന്നയാളെന്നർഥം. അവിടെ നിന്ന് വളർന്ന് ഇലക്ടഡ് പ്രൈം മിനിസ്റ്ററാകാൻ ശ്രമിച്ചതാണ് വിനയായത്.
പാകിസ്താൻ എങ്ങോട്ട് നീങ്ങണമെന്ന് നിശ്ചയിക്കുന്ന അടുത്ത ശക്തി അമേരിക്കയാണ്. വിദേശത്ത് പാകം ചെയ്യുന്നു, സ്വദേശത്ത് കഴിക്കുന്നു എന്നതാണ് പാക് രാഷ്ട്രീയത്തിന്റെ ഗതികേട്. ഇംറാൻ ജയിലിലാകും മുമ്പ്, പാക് പാർലിമെന്റ് പിരിച്ചുവിടാൻ തീരുമാനിക്കുന്നതിന്റെ കൂട്ടപ്പൊരിച്ചിൽ നടക്കുമ്പോൾ റഷ്യ പുറപ്പെടുവിച്ച ഒരു പ്രസ്താവനയുണ്ട്. ഇംറാൻ ഖാൻ ഞങ്ങളോട് സഹകരിക്കുന്നതിനുള്ള ശിക്ഷയാണ് അനുഭവിക്കുന്നത് എന്നായിരുന്നു ക്രംലിന്റെ അഭിപ്രായപ്രകടനം. റഷ്യയുടെ യുക്രൈൻ അധിനിവേശം പാശ്ചാത്യ കുതന്ത്രത്തിന്റെ സൃഷ്ടിയാണെന്നതരത്തിൽ ഇംറാൻ നടത്തിയ പ്രസ്താവനയെ അതിശക്തമായി തള്ളിപ്പറഞ്ഞ് രംഗത്തുവന്നത് പാക് സൈനിക മേധാവിയായിരുന്നുവെന്നോർക്കണം. ഭരണമാറ്റം അനിവാര്യമാണെന്നും ബിലാവലോ ശഹബാസോ വരട്ടെയെന്നും അന്ന് കുറിച്ചുവെച്ചതാണ് അമേരിക്കയും പാക് സൈനിക നേതൃത്വവും. അതുകൊണ്ട് എല്ലാ ചട്ടങ്ങളും മറികടന്ന്, കണക്കിലെ കളികളെല്ലാം ജയിച്ച് പി എം എൽ എൻ- പി പി പി സഖ്യം അധികാരത്തിൽ വരുമെന്ന് വേണം വിലയിരുത്താൻ. അക്കാര്യം ഉറപ്പാക്കും വരെ അന്തിമ ഫലം വരില്ല.
പുതിയ സർക്കാറിന് സുസ്ഥിര ഭരണം കാഴ്ചവെക്കാൻ സാധിക്കില്ലെങ്കിൽ സമ്പൂർണ നാശത്തിലേക്കാകും പാകിസ്താൻ കൂപ്പുകുത്തുക. ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ അയൽ രാജ്യം കടന്നു പോകുന്നത്. അന്താരാഷ്ട്ര സഹായത്തിനുള്ള സാധ്യത മാത്രമാണ്, പാകിസതാനെ ശ്രീലങ്കയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അത് മാറ്റിനിർത്തിയാൽ ദ്വീപ് രാഷ്ട്രത്തേക്കാൾ പരിതാപകരമാണ് കാര്യങ്ങൾ. വിലക്കയറ്റം അമ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കരിഞ്ചന്ത നിയന്ത്രിക്കുന്നതിന് രൂപയുടെ മേലുള്ള നിയന്ത്രണത്തിൽ സർക്കാർ അയവു വരുത്തിയിരുന്നു. കൊടും കൊക്കയിലേക്ക് രൂപ പതിക്കുന്നതിലാണ് ഇത് കലാശിച്ചത്. അഫ്ഗാനിൽ നിന്ന് പിൻവാങ്ങിയതോടെ പാകിസ്താനുള്ള ധന സഹായത്തിൽ അമേരിക്ക ഗണ്യമായ കുറവ് വരുത്തിയിരുന്നു. അറബ് രാജ്യങ്ങളിൽ മാത്രമാണ് പ്രതീക്ഷ. ഐ എം എഫ് പോലുള്ള ഏജൻസികളുടെ കടം കിട്ടണമെങ്കിൽ കടുത്ത നിബന്ധനകൾ അംഗീകരിക്കണം.
സാമ്പത്തിക പ്രതിസന്ധിക്കിടയിലേക്കാണ് വിവിധ തീവ്രവാദി ഗ്രൂപ്പുകൾ ഭീഷണിയുമായി വരുന്നത്. ജനങ്ങളുടെ അതൃപ്തി മുതലെടുത്ത് ഇവ ശക്തിയാർജിക്കുകയാണ്. ഇത്തിരി റേഷനായി ക്യൂ നിന്ന് തളർന്നുവീഴുന്ന മനുഷ്യർക്കിടയിലേക്ക് ചാവേറുകൾ ബോംബ് കെട്ടിവെച്ചിറങ്ങുന്നുവെന്നതാണ് പാകിസ്താന്റെ ഏറ്റവും വലിയ ദുരന്തം. 15 വർഷമായി മരണം വിതക്കുന്ന തഹ്‌രീകേ താലിബാൻ കഴിഞ്ഞ നവംബർ മുതൽ നൂറിലധികം സ്ഫാടനങ്ങൾ നടത്തിയിട്ടുണ്ട്.
2013ലെ പൊതുതിരഞ്ഞെടുപ്പിൽ നിരവധി രാഷ്ട്രീയ നേതാക്കളെ ഇവർ വകവരുത്തിയിരുന്നു. 2021ൽ അഫ്ഗാൻ ഭരണം താലിബാന്റെ കൈകളിൽ എത്തിയതോടെ ഈ ഗ്രൂപ്പ് കൂടുതൽ അപകടകാരിയായി. ഇംറാൻ ഖാന്റെ പതനത്തിൽ കലാശിച്ച രാഷ്ട്രീയ അട്ടിമറി, ശഹബാസ് ശരീഫിന്റെ സ്ഥാനാരോഹണം, ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർവിരുദ്ധ പ്രക്ഷോഭം, കൊവിഡ്, പ്രളയം, സാമ്പത്തിക ദുരന്തം. നടുക്കടലിൽ അകപ്പെട്ട ജനതയുടെ പ്രതീക്ഷാഭാരം മുഴുവൻ പുതിയ പ്രധാനമന്ത്രിയുടെ ചുമലിലാണ്. അദ്ദേഹമാകട്ടേ സൈന്യത്തിന്റെ ചരടിലാടുന്ന പാവയും.