From the print
ഗവര്‍ണര്‍ ക്ഷണിച്ചു; ചമ്പൈ സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി
10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് നിര്‍ദേശം. ഹേമന്ത് സോറന്‍ റിമാന്‍ഡില്‍.

ന്യൂഡല്‍ഹി | ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാവ് ചമ്പൈ സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി. 67കാരനായ അദ്ദേഹത്തെ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ഇന്നലെ രാത്രി മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. സത്യപ്രതിജ്ഞ ഇന്ന് നടക്കും. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് (ഇ ഡി)അറസ്റ്റ് ചെയ്ത് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇന്നലെ പി എം എല്‍ എ കോടതിയില്‍ ഹാജരാക്കിയ സോറനെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ നല്‍കണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അറസ്റ്റ് ചോദ്യം ചെയ്ത് സോറന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഹരജി ഇന്ന് പരിഗണിക്കുമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച് ഇ ഡിയുടെ കസ്റ്റഡി ആവശ്യം മാറ്റിവെക്കുന്നതായി കോടതി വ്യക്തമാക്കി. കേസ് പി എം എല്‍ എ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അതിനിടെ, ഹേമന്ത് സോറന്റെ രാജിക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാന്‍ ബി ജെ പിയും ഗവര്‍ണറും ചേര്‍ന്ന് ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു. ഗവര്‍ണറെ കാണാന്‍ ചമ്പൈ സോറന് വളരെ വൈകിയാണ് സമയം നല്‍കിയത്. 43 എം എല്‍ എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.