pakistan politics
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അനിശ്ചിതത്വം; പാക് സൈനിക മേധാവി പ്രധാനമന്ത്രിയെ കണ്ടു
ഇന്ന് രാത്രി വോട്ടെടുപ്പുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്ലാമാബാദ് | പാക്കിസ്ഥാന്‍ പാര്‍ലിമെന്റില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സൈനിക മേധാവി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ കണ്ടതായി റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ അസംബ്ലി ചേര്‍ന്നിട്ട് 12 മണിക്കൂറായെങ്കിലും വോട്ടിംഗ് സ്പീക്കര്‍ പരിഗണിച്ചിട്ടില്ല.
അതേസമയം, ഇന്ന് രാത്രി വോട്ടെടുപ്പുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇംറാന്‍ ഖാന്‍ രാജിവെക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാനില്‍ ഭരണമാറ്റം യു എസ് ആഗ്രഹിക്കുന്നുവെന്ന് തെളിയിക്കുന്ന നയതന്ത്ര കേബിള്‍ ചീഫ് ജസ്റ്റിസിനും സ്പീക്കര്‍ക്കും സൈനിക മേധാവിക്കും സെനറ്റ് ചെയര്‍മാനും കാണിച്ചുനല്‍കുമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.
വോട്ടെടുപ്പിനുള്ള ഉത്തരവ് ലംഘിച്ചാല്‍ വിഷയം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. അര്‍ധ രാത്രി തന്നെ കോടതി സമ്മേളിക്കും. ഇംറാന്‍ ഖാനെതിരെ സുപ്രീം കോടതി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷമായ പി എം എല്‍- എന്‍ നേതാവ് മര്‍യം നവാസ് ആവശ്യപ്പെട്ടു.