Kerala
വീട്ടമ്മയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച് അമ്മാവൻ
ആക്രമിയെത്തിയത് വിഷം കഴിച്ച ശേഷം; വീട്ടമ്മ രക്ഷപ്പെട്ടത് ഉടൻ പുറത്ത് കടന്ന് നിലത്ത് കിടന്നുരുണ്ടത് കൊണ്ട്

തിരുവനന്തപുരം | വീട്ടമ്മയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം. പിതാവിൻ്റെ കടയിലിരിക്കുകയായിരുന്ന വീട്ടമ്മയെ അമ്മാവനാണ് കൊല്ലാൻ ശ്രമിച്ചത്. വിഷം കഴിച്ച ശേഷമാണ് ഇയാൾ സഹോദരി പുത്രിയെ കൊല്ലാൻ ശ്രമിച്ചത്. പരുക്കേറ്റ വീട്ടമ്മയെയും ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വർക്കല കല്ലമ്പലത്തെ ജാസ്മിക്കാണ് ഗുരുതര പരുക്കേറ്റത്. അമ്മാവൻ ഇസ്മാഈൽ ആണ് പെട്രോളൊഴിച്ച് തീവെച്ച് കൊല്ലാൻ ശ്രമിച്ചത്. സ്വത്ത് സംബന്ധമായ പ്രശ്നമാണ് ആക്രമത്തിന് പിന്നിലെന്നാണ് വിവരം.
കടയിലിരിക്കുന്ന ജാസ്മിയുടെ ശരീരത്തിലും കടയിലും ഇസ്മാഈൽ പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. ഉടൻ തന്നെ കടയിൽ നിന്ന് ഇറങ്ങിയോടിയ ജാസ്മി നിലത്ത് കിടന്ന് ഉരുളുകയായിരുന്നു. ഇതോടെയാണ് പരുക്കുകളോട് ഇവർ രക്ഷപ്പെട്ടത്.
സംഭവ സ്ഥലത്ത് നിന്ന് തന്നെ അമ്മാവൻ ഇസ്മാഈലിനെ നാട്ടുകാർ പിടികൂടി. ഈ സമയത്താണ് ഇയാൾ വിഷം കഴിച്ചാണ് ആക്രമണം നടത്തിയതെന്ന് അറിയുന്നത്. ഇതേതുടർന്ന്, ഇയാളെയും വൈകാതെ തന്നെ തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയിലെത്തിച്ചു.