Kerala
വിനായകനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി; ചുമത്തിയത് മൂന്ന് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍: കൊച്ചി ഡിസിപി
മദ്യപിച്ച് കഴിഞ്ഞാല്‍ വിനായകന്‍ അല്‍പം കുഴപ്പക്കാരനാണെന്നും ഡി സി പി
കൊച്ചി | മദ്യപിച്ചെത്തി പോലീസ് സ്‌റ്റേഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ സംഭവത്തില്‍ നടന്‍ വിനായകനെതിരെ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. മദ്യപിച്ച് കഴിഞ്ഞാല്‍ വിനായകന്‍ അല്‍പം കുഴപ്പക്കാരനാണെന്നും ഡി സി പി പറഞ്ഞു. സ്റ്റേഷനില്‍ അസഭ്യം പറഞ്ഞിട്ടുണ്ടോ എന്ന് വീഡിയോ പരിശോധിച്ച ശേഷമെ വ്യക്തമാകു. നേരത്തെയും വിനായകന്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് ഡിസിപി വ്യക്തമാക്കി.
വീഡിയോ പരിശോധിച്ച ശേഷം കൂടുതല്‍ വകുപ്പ് ചേര്‍ക്കും. വിനായകന് അനുകൂലമായി ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ലെന്നും ഏഴു വര്‍ഷത്തിന് താഴെ ശിക്ഷ കിട്ടുന്ന വകുപ്പായതുകൊണ്ടാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്നും ഡിസിപി പറഞ്ഞു.മദ്യപിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ രക്തപരിശോധന ഫലങ്ങള്‍ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി എത്തി ഇന്നലെയാണ് വിനായകന്‍ പ്രശ്നമുണ്ടാക്കിയത്. സംഭവത്തില്‍ വിനായകനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
വിനായകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിനെതിരെ ഉമാ തോമസ് എംഎല്‍എ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പോലീസ് സ്റ്റേഷനില്‍ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നുണ്ടെന്ന് ഉമാ തോമസ് ആരോപിച്ചു.