National
നിരുപാധികം മാപ്പ്;ലളിത് മോദിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു
സാമൂഹിക മാധ്യമങ്ങളില്‍ ജുഡീഷ്യറിക്കെതിരായ പോസ്റ്റുകളിട്ടതില്‍ നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്.
ന്യൂഡല്‍ഹി| മുന്‍ ഐ.പി.എല്‍ കമീഷണര്‍ ലളിത് മോദിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ജുഡീഷ്യറിക്കെതിരായ പോസ്റ്റുകളിട്ടതില്‍ നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്. ജസ്റ്റിസ് എം.ആര്‍.ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ലളിത് മോദി ഫയല്‍ ചെയ്ത സത്യവാങ്മൂലം പരിശോധിച്ചാണ് നടപടികള്‍ അവസാനിപ്പിച്ചത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്തസിന് കോട്ടം തട്ടുന്ന തരത്തില്‍ ഒന്നും ഭാവിയില്‍ ചെയ്യില്ലെന്ന് മോദി സത്യവാങ്മൂലത്തില്‍ ഉറപ്പ് നല്‍കി.
ലളിത് മോദിയുടെ നിരുപാധിക മാപ്പ് ഞങ്ങള്‍ സ്വീകരിക്കുന്നു. ഭാവിയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ പ്രതിഛായ തകര്‍ക്കുന്ന തരത്തില്‍ എന്തെങ്കിലും നടപടി എതിര്‍കക്ഷിയില്‍ നിന്നുണ്ടായാല്‍ അത് ഗൗരവമായി കാണുമെന്ന് കോടതി വ്യക്തമാക്കി. ലളിത് മോദിയുടെ ജുഡീഷ്യറിക്കെതിരായ പരാമര്‍ശത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് ഏപ്രില്‍ 13നാണ് കോടതി ചൂണ്ടിക്കാട്ടിയത്.