From the print
പേശീഘടന മനസ്സിലാക്കി കായിക ഇനം തിരഞ്ഞെടുക്കാം; എന്‍ എസ് എസ് എന്‍ജിനീയറിംഗ് കോളജിലെ ഗവേഷണത്തിന് പേറ്റന്റ്
ശരീരത്തില്‍ മുറിവുണ്ടാക്കി ശേഖരിക്കുന്ന പേശീഭാഗം ബയോപ്സിക്കയച്ച്, പേശീഘടന മനസ്സിലാക്കുന്ന രീതിയാണ് അവലംബിക്കുന്നത്.
തിരുവനന്തപുരം | പേശീഘടന മനസ്സിലാക്കി കായിക താരങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കായിക ഇനം തിരഞ്ഞെടുക്കുന്നതിന് പേശീഘടനാ പഠനത്തിനായുള്ള ചെലവു കുറഞ്ഞതും വേഗത്തില്‍ ചെയ്യാവുന്നതുമായ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച പാലക്കാട് എന്‍ എസ് എസ് എന്‍ജിനീയറിംഗ് കോളജിലെ ഗവേഷകര്‍ക്ക് പുതുവര്‍ഷത്തില്‍ പേറ്റന്റ്. കോളജിലെ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിംഗ് വകുപ്പിലെ പ്രൊഫ. ജി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിന് ഐ ഐ ടി മദ്രാസിലെ പ്രൊഫ. എസ് രാമകൃഷ്ണന്‍ പിന്തുണ നല്‍കി. ഇരുവര്‍ക്കും പുറമെ ഗവേഷണ വിദ്യാര്‍ഥികളായ രമ്യ ആര്‍ നായര്‍, ദിവ്യ ശശിധരന്‍ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്. ശരീരത്തില്‍ മുറിവുണ്ടാക്കി ശേഖരിക്കുന്ന പേശീഭാഗം ബയോപ്സിക്കയച്ച്, പേശീഘടന മനസ്സിലാക്കുന്ന രീതിയാണ് നിലവില്‍ അവലംബിക്കുന്നത്.
ചെലവേറിയതും കാലതാമസമെടുക്കുന്നതുമാണ് ഈ രീതി പൊതുവെ ആരും സ്വീകരിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായി തൊലിപ്പുറത്ത് നിന്ന് ലഭിക്കുന്ന ഇലക്ട്രിക് സിഗ്നലുകളുടെ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തില്‍ പേശീഘടന മനസ്സിലാക്കാന്‍ സാധിക്കുന്നതാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്ന സാങ്കേതിക വിദ്യ. ചെലവ് കുറഞ്ഞ ഈ രീതിയില്‍ അതിവേഗം ഫലമറിയാനുമാകും.
കായിക മത്സരാര്‍ഥികളെ അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് യോഗ്യരാക്കി മാറ്റാന്‍ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. പേശീസംബന്ധമായ വൈദ്യപഠനങ്ങള്‍ക്കും ചികിത്സകള്‍ക്കും സഹായകരമാകുന്ന വിവരങ്ങള്‍ ലഭ്യമാക്കാനും ഈ നൂതന മാര്‍ഗത്തിനാകും. സ്പോര്‍ട്സ് സയന്‍സ്, ഫിസിയോതെറാപ്പി, കായിക പരിശീലന രീതികള്‍ എന്നീ മേഖലകളില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ ഈ സാങ്കേതിക വിദ്യക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.