National
ഇന്ത്യ-പശ്ചിമേഷ്യ-അമേരിക്ക-യൂറോപ്പ് അന്താരാഷ്ട്ര സാമ്പത്തിക ഇടനാഴിക്ക് ധാരണ
ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഈ സംരംഭം ഈ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങളിലും സഹകരണത്തിനുള്ള ചരിത്രപരവും ആദ്യത്തെതുമായ സംരംഭമായിരിക്കും
ന്യൂഡല്‍ഹി | അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ, സഊദി അറേബ്യ, യുഎഇ, യുഎസ്, യൂറോപ്പ് കരാര്‍ ഉണ്ടാക്കാന്‍ കൈകോര്‍ത്തു. ജി 20 ഉച്ചകോടിയിലാണ് രാജ്യങ്ങള്‍ക്കിടയില്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഇടനാഴിക്ക് തുടക്കം കുറിച്ചത്. റെയില്‍, ഷിപ്പിംഗ് ഇടനാഴി സാധ്യമാകുന്നതോടെ ഊര്‍ജ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവായുടെ വ്യാപാരത്തില്‍ വലിയ സാദ്ധ്യതകള്‍ തുറക്കും. ലോകത്തെ കൂടുതല്‍ രാജ്യങ്ങളെ സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി കൂടിയായി ഇതിനെ വിലയിരുത്താനാവും.
ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ഈ സംരംഭം ഈ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങളിലും സഹകരണത്തിനുള്ള ചരിത്രപരവും ആദ്യത്തെതുമായ സംരംഭമായിരിക്കും.
ഈ ഇടനാഴി ലോകത്തിന് മുഴുവന്‍ സുസ്ഥിരമായ വഴി കാണിക്കുമെന്നും വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും ഇടനാഴി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. വരും കാലങ്ങളില്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയുടെ സാമ്പത്തിക ഏകീകരണത്തിനുള്ള ഫലപ്രദമായ മാധ്യമമായി ഇടനാഴി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അടിസ്ഥാന സൗകര്യങ്ങളുടെയും നിക്ഷേപത്തിന്റെയും പങ്കാളിത്തത്തിന് പ്രാധാന്യമുണ്ടെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സാമ്പത്തിക ഇടനാഴി പദ്ധതിയുടെയും മറ്റും സംയോജനത്തിനായി ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറയുന്നു വെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു വലിയ കാര്യമാണ് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സാമ്പത്തിക ഗതാഗത ഇടനാഴിയെക്കുറിച്ച് പറഞ്ഞത്. പല തരത്തില്‍, ഈ പങ്കാളിത്തത്തിന്റെ ശ്രദ്ധാകേന്ദ്രം കൂടിയാണിത്. സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുക, ഗുണമേന്മയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങള്‍ നടത്തുക, മികച്ച ഭാവി സൃഷ്ടിക്കുക എന്നിവയില്‍ പ്രതിജ്ഞാബദ്ധരാകാനാണ് ഞങ്ങള്‍ ഒത്തുചേരുന്നതെന്നും ജോ ബൈഡന്‍ പറഞ്ഞു