Kerala
അനര്‍ഹര്‍ക്ക് സഹായം; ദുരിതാശ്വാസ നിധിയില്‍ വ്യാപക തട്ടിപ്പ് കണ്ടെത്തി വിജിലന്‍സ്
സമ്പന്നരായ വിദേശ മലയാളികള്‍ക്ക് സി എം ഡി ആര്‍ എഫില്‍ നിന്ന് സഹായം നല്‍കുകയായിരുന്നു.
കൊച്ചി | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി എം ഡി ആര്‍ എഫ്)യുമായി ബന്ധപ്പെട്ട് വ്യാപക തട്ടിപ്പ് കണ്ടെത്തി വിജിലന്‍സ്. ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് കണ്ടെത്തിയത്. എറണാകുളം ജില്ലയിലാണ് അനര്‍ഹര്‍ക്ക് സഹായം നല്‍കിയത്. സമ്പന്നരായ വിദേശ മലയാളികള്‍ക്ക് സി എം ഡി ആര്‍ എഫില്‍ നിന്ന് സഹായം നല്‍കുകയായിരുന്നു.
അഞ്ചുതെങ്ങിലെ ഏജന്റ് നല്‍കിയ 16 അപേക്ഷകളില്‍ സഹായം അനുവദിച്ചു. പുനലൂര്‍ താലൂക്കിലെ ഒരു ഡോക്ടര്‍ നല്‍കിയത് 1,500 സര്‍ട്ടിഫിക്കറ്റുകളാണ്. ഒരു കുടുംബത്തിലെ നാലുപേരുടെ പേരില്‍ രണ്ട് ഘട്ടമായി സഹായം കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനര്‍ഹര്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന ആരംഭിക്കുകയായിരുന്നു. ജില്ലാ കലക്ടറേറ്റുകളിലും സി എം ഡി ആര്‍ എഫ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലുമായാണ് പരിശോധന. ഇന്ന് രാവിലെ 11 മുതലാണ് മിന്നല്‍ പരിശോധന തുടങ്ങിയത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഏജന്റുമാര്‍ മുഖേനയും ദുരിതാശ്വാസ നിധി തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം.
തട്ടിപ്പിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്. വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കിയാണ് തട്ടിപ്പ്.