Connect with us

neet exam dress code contraversy

നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവം: പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ ടി എ

കര്‍ശന നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ കത്ത്; വിഷയം പാര്‍ലിമെന്റിലും ചര്‍ച്ചയാകും- കൂടുതല്‍ പരാതികള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. പോലീസ് അന്വേഷണത്തോട് എന്‍ ടി എ സഹകരിക്കും. എന്‍ ടി എ സ്വന്തം നിലക്കും അന്വേഷണം നടത്തും. പ്രാഥമിക അന്വേഷണത്തില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് ലഭിച്ചതെന്ന് എന്‍ ടി എ മേധാവി വിനീത് ജോഷി പ്രതികരിച്ചു. പരീക്ഷാ സമയത്തോ, അതിന് ശേഷമോ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാ കേന്ദ്രം സൂപ്രണ്ടും എന്‍ ടി എ നിരീക്ഷകനും കോര്‍ഡിനേറ്ററും രേഖാമൂലം എന്‍ടിഎക്ക് കത്ത് നല്‍കി. എന്‍ ടി എ ഡ്രസ് കോഡ് ഇത്തരം പരിശോധന അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. ആരോപണം തെറ്റായ ഉദ്ദേശത്തോടെയെന്നാണ് കൊല്ലം സിറ്റി കോര്‍ഡിനേറ്റര്‍ എന്‍ ടി എക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്.

നാണംകെട്ട സംഭവമാണ് നടന്നതെന്നും വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രിക്ക് കത്തയച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എം പിമാരായ എന്‍ കെ പ്രേമചന്ദ്രനും കെ മുരളീധരനും ഹൈബി ഈഡനും അറിയിച്ചു.  എം പിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കി.

അതിനിടെ കൊല്ലത്ത് നീറ്റ് പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ആയൂരിലെ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷ കേന്ദ്രത്തിനെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ടിരുന്നാണ് പരീക്ഷയെഴുതിയതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് കോളജില്‍വെച്ച് അടിവസ്ത്രം ഇടാന്‍ അനുവദിച്ചില്ല. അടിവസ്ത്രം അഴിപ്പിച്ച അധികൃതര്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ച് ഇരുത്തിയെന്നും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടു.

 

Latest