Connect with us

articles

അവസാനിക്കാത്ത വ്യവഹാരങ്ങൾ; അനീതിയുടെ ഉറവിടങ്ങൾ

കേസുകൾ കെട്ടിക്കിടക്കുന്നതിന് പ്രധാന കാരണം മതിയായ എണ്ണം ന്യായാധിപന്മാരുടെ അഭാവം തന്നെയാണ്. രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 1,114 ന്യായാധിപന്മാർ ഉണ്ടാകേണ്ടിടത്ത് 783 പേർ മാത്രമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇത് കേവലം 70 ശതമാനം മാത്രമാണെന്നതാണ് വസ്തുത.

Published

|

Last Updated

പൗരാവകാശങ്ങൾക്കും നീതിക്കും പ്രാമുഖ്യം നൽകുന്ന സ്വതന്ത്ര അസ്തിത്വമുള്ള നീതിന്യായ സംവിധാനമാണ് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത്. ഭരണകൂടങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി നീങ്ങിയിരുന്ന കൊളോണിയൽ കാലഘട്ടത്തിലെ നീതിന്യായ സംവിധാനങ്ങളെ കണ്ടും അനുഭവിച്ചുമറിഞ്ഞതിനാൽ തന്നെ, ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ നമ്മുടെ നീതിന്യായ സംവിധാനങ്ങളുടെ ഘടനയും ആത്യന്തിക ലക്ഷ്യവുമെന്തായിരിക്കണമെന്ന് കൃത്യമായി നിർവചിച്ചിട്ടുണ്ട്. രാഷ്ട്രം വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ട വ്യവസ്ഥിതി കൂടിയാണ് ഈ നീതിന്യായ സംവിധാനം. നിയമവാഴ്ചയെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായത് കൊണ്ടുതന്നെ ഭരണകൂടത്തെ ശരിയായ ദിശയിൽ ചലിപ്പിക്കുകയെന്ന ഉത്തരവാദിത്വം കൂടി നീതിന്യായ വ്യവസ്ഥ നിറവേറ്റുന്നുണ്ട്.

ബാഹ്യ ഇടപെടലുകൾക്ക് വിധേയപ്പെടാതെ ഭരണഘടനാ മൂല്യങ്ങൾക്കൊപ്പം നിൽക്കുന്ന സംവിധാനമായതിനാൽ ഇതര രാജ്യങ്ങളിലെ ജുഡീഷ്യറികളേക്കാൾ ഖ്യാതി ഇന്ത്യൻ ജുഡീഷ്യറിക്കുണ്ടെന്ന് നിസ്സംശയം പറയാം. എന്നാലും വർഷങ്ങളേറെയായിട്ടും പരിഹരിക്കപ്പെടാനാകാതെ പോയ ചില പോരായ്മകൾ ഇന്നും ജുഡീഷ്യറിക്ക് മുമ്പിൽ വെല്ലുവിളിയായുണ്ട്. അനന്തമായി നീണ്ടുപോകുന്ന കേസുകളും വിചാരണാ തടവുകാരുടെ അന്യായ തടങ്കലും ഇതിൽ പ്രധാനമാണ്.

ദശാബ്ദങ്ങളോളം നീണ്ടുപോകുന്ന വ്യവഹാരങ്ങൾ പൊതുജനങ്ങൾക്ക് നീതിന്യായ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് വഴിവെക്കുമെന്നതിൽ സന്ദേഹമേതുമില്ല. ഓരോ ന്യായാധിപനും ജനങ്ങൾക്ക് ദൈവമാണെന്നും കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നും കഴിഞ്ഞ മാസം നടന്ന നാഷനൽ കോൺഫറൻസ് ഓഫ് ഡിസ്ട്രിക്ട് ജുഡീഷ്യറിയുടെ വേദിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു സൂചിപ്പിച്ചിരുന്നു. ജില്ലാ കോടതികൾ, ഹൈക്കോടതികൾ, സുപ്രീം കോടതി തുടങ്ങി വിവിധ കോടതികളിലായി അഞ്ച് കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, 34 ജഡ്ജിമാരുണ്ടായിട്ടും, 82,000ത്തോളം കേസുകൾ സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്.

2009ലാണ് സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 26ൽ നിന്ന് 31 ആയി വർധിപ്പിക്കുന്നത്. 2013 ആയപ്പോഴേക്കും കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 50,000ത്തിൽ നിന്ന് 66,000 ആയി ഉയർന്നു. 2015 ആയപ്പോഴേക്കും തീർപ്പാക്കാത്ത കേസുകളുടെ എണ്ണം 59,000 ആയി കുറക്കാൻ ജസ്റ്റിസ് എച്ച് എൽ ദത്തുവിന് സാധിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് വ്യക്തമാക്കുന്നത്. 2019ൽ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 31ൽ നിന്ന് 34 ആയി ഉയർത്തുകയുണ്ടായെങ്കിലും തീർപ്പാക്കാത്ത കേസുകളുടെ എണ്ണം വർധിക്കുകയാണുണ്ടായത്. 32 വർഷമായിട്ടും തീർപ്പാക്കാനാകാത്ത കേസുകളുണ്ടെന്നത് വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നുണ്ട്. രാജ്യത്താകെ പടർന്നുപിടിച്ച കൊവിഡ് മഹാമാരി കെട്ടിക്കിടക്കുന്ന കേസുകളുടെ വർധനക്ക് പ്രധാന കാരണമായിത്തീർന്നിട്ടുണ്ടെങ്കിലും അതിന് ഉചിതമായ പരിഹാരത്തിലേക്കെത്തിച്ചേരാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

രാജ്യത്തെ ഹൈക്കോടതികളിലായി 42.64 ലക്ഷം സിവിൽ സ്വഭാവവും 15.94 ലക്ഷം ക്രിമിനൽ സ്വഭാവവുമുള്ള കേസുകൾ ഉൾപ്പെടെ 58.59 ലക്ഷം കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്. 20 മുതൽ 30 വർഷം വരെ പഴക്കമുള്ള 2.45 ലക്ഷം കേസുകൾ പരിഹാരമാകാതെ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന നാഷനൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡിന്റെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. പ്രശ്ന പരിഹാരത്തിനായി സമീപിക്കാവുന്ന ഏറ്റവും സുതാര്യമായ ഇടത്ത് പോലും നീതി വൈകുന്നുവെന്നത് ആശങ്കാജനകമാണ്. ദശാബ്ദങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളുടെ ആധിക്യത്തിന് കാരണം വ്യവഹാരത്തിൽ ഉൾപ്പെട്ട കക്ഷികൾ ഹാജരാകാത്തതിനാലാണെന്ന വാദം അംഗീകരിച്ചാൽ പോലും അത്തരം കേസുകൾ വിരളമാണ്. നാഷനൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡിന്റെ റിപോർട്ട് പ്രകാരം കേരളത്തിലെ വിവിധ കോടതികളിലായി 18 ലക്ഷത്തോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. സ്ത്രീകൾ ഫയൽ ചെയ്ത 55,000ത്തോളം ക്രിമിനൽ സ്വഭാവമുള്ള കേസുകളും പത്ത് വർഷമായിട്ടും തീർപ്പ് കൽപ്പിക്കാത്ത കേസുകളും ഇതിൽ ഉൾപ്പെടും.

ഉപഭോക്തൃ പ്രശ്നങ്ങൾ അതിവേഗത്തിൽ പരിഹരിക്കുന്നതിനായി മാത്രം സ്ഥാപിക്കപ്പെട്ട കോടതികളാണ് ഉപഭോക്തൃ കോടതികൾ. എന്നാൽ ഉപഭോക്തൃ കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്കുകളും ഇതിൽ നിന്ന് വിഭിന്നമല്ല. റിയൽ എസ്റ്റേറ്റുമായി മാത്രം ബന്ധപ്പെട്ട അമ്പതിനായിരത്തിലധികം തീർപ്പാക്കാത്ത കേസുകൾ ഉപഭോക്തൃ കോടതികൾക്ക് മുമ്പിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചത്. കോടതികൾക്ക് മുമ്പിലെത്തുന്ന കേസുകൾ ഉചിതമായ കാലയളവിനുള്ളിൽ തീർപ്പ് കൽപ്പിക്കണമെന്ന് കൺസ്യൂമർ പ്രൊട്ടക്്ഷൻ ആക്ട് നിഷ്‌കർഷിക്കുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത.

കേസുകൾ കെട്ടിക്കിടക്കുന്നതിന് നിരവധി കാരണങ്ങൾ നിരത്തുന്നുണ്ടെങ്കിലും പ്രധാനമായും മതിയായ എണ്ണം ന്യായാധിപന്മാരുടെ അഭാവം തന്നെയാണ്. രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 1,114 ന്യായാധിപന്മാർ ഉണ്ടാകേണ്ടിടത്ത് 783 പേർ മാത്രമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇത് കേവലം 70 ശതമാനം മാത്രമാണെന്നതാണ് വസ്തുത. നിലവിൽ 331 ജുഡീഷ്യൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ബലാത്സംഗക്കേസുകളിൽ അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനായുള്ള 2019ലെ സുപ്രീം കോടതിയുടെ നിർദേശങ്ങൾ ഇനിയും നടപ്പാക്കിയിട്ടില്ലെന്നും 1,027 കോടതികളിൽ 757 എണ്ണം മാത്രമാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളതെന്നുമുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതര രാജ്യങ്ങളിൽ ജനസംഖ്യക്ക് ആനുപാതികമായി ജഡ്ജിമാരെ നിയമിക്കുമ്പോൾ ഇന്ത്യയിൽ അതിന്റെ പത്തിലൊന്ന് പോലുമില്ല. കഴിഞ്ഞ വർഷം കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസുകളിൽ 88 ശതമാനവും തീർപ്പാക്കിയതായി രേഖകൾ വ്യക്തമാക്കുന്നു. ജഡ്ജിമാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും വലിയ തോതിൽ കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞുവെന്നത് അഭിനന്ദനാർഹമാണ്.

കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയെന്നതാണ് സി ബി ഐയുടെ രീതി. എന്നാൽ അന്വേഷണം പൂർത്തിയാക്കിയിട്ടും 6,903 അഴിമതിക്കേസുകൾ വിവിധ കോടതികളിൽ വിചാരണ പൂർത്തിയാക്കാതെ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ റിപോർട്ട് സൂചിപ്പിക്കുന്നത്. അന്വേഷണം പൂർത്തിയാക്കാത്ത 658 അഴിമതിക്കേസുകളുള്ളതായും അതിൽ തന്നെ അഞ്ച് വർഷത്തിലേറെയായി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന 48 കേസുകൾ ഉൾപ്പെടുന്നതായും റിപോർട്ട് വ്യക്തമാക്കുന്നു. നോൺ- ജുഡീഷ്യൽ സ്റ്റാഫുകളുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവും കേസുകൾ കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നുണ്ട്.

ഏതൊരു കുറ്റവാളിക്കും മനുഷ്യാവകാശമുണ്ടെന്നത് ലോകം അംഗീകരിച്ച പൊതുതത്ത്വമാണ്. നമ്മുടെ ഭരണഘടന അത് ഓരോ പൗരനും ഉറപ്പ് നൽകുന്നുമുണ്ട്. എന്നാൽ കുറ്റവാളിയെന്ന് ചാപ്പയടിക്കപ്പെട്ട് വർഷങ്ങളോളം വിചാരണാ തടവുകാരായി കഴിയുന്നവരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്തെ 5,73,220 തടവുകാരിൽ 4,34,302 ഉം വിചാരണാ തടവുകാരാണ്. ജയിലുകളിൽ കഴിയുന്നതിൽ 76 ശതമാനം പേരും ഇത്തരം തടവുകാരാണെന്നത് ആശങ്കയുളവാക്കുന്നതാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്, തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ കേസുകളിൽ കുടുക്കി വിചാരണ പോലുമില്ലാതെ മാസങ്ങളോളം തടവിലിടുന്ന പ്രവണത മോദി ഭരണകൂടം തുടർന്ന് പോരുന്നുമുണ്ട്. ഇ ഡി, സി ബി ഐ, എ ടി എസ്, എൻ ഐ എ തുടങ്ങിയ ഏജൻസികളെ തങ്ങളുടെ ചട്ടുകമായി പ്രയോഗിച്ച്‌കൊണ്ടിരിക്കുകയാണ് ഭരണകൂടം.

ഇത്തരം അപകടകരമായ സാഹചര്യത്തിൽ അനന്തമായി നീളുന്ന വിചാരണാ തടവിൽ സുപ്രീം കോടതി നടത്തിയ ഇടപെടലുകൾ ആശാവഹമാണ്. അനന്തമായി തടവിൽ പാർപ്പിക്കുന്നത് ഭരണഘടന അനുവദിച്ച് നൽകുന്ന അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും കീഴ്ക്കോടതികളിലെ ന്യായാധിപന്മാർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളകളിൽ ജാമ്യത്തിനുള്ള അവകാശം നിസ്സാരമായി നിഷേധിക്കരുതെന്നും സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. നീതിയുക്തമായ വിചാരണ ഉറപ്പ് വരുത്തണമെന്നും തങ്ങളുടെ ഇഷ്ടം പോലെയല്ല പ്രതിയെ തിരഞ്ഞെടുക്കേണ്ടതെന്നും സുപ്രീം കോടതി ഓർമപ്പെടുത്തുന്നുണ്ട്.

കുറ്റക്കാരനാകുന്നതിന് മുമ്പ് നീണ്ടുനിൽക്കുന്ന ജയിൽ വാസം വിചാരണ കൂടാതെയുള്ള ശിക്ഷയായി മാറാൻ അനുവദിക്കരുതെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം നൽകുന്ന മൗലികാവകാശമായ സ്വാതന്ത്ര്യം നിയമപരമായ നിയന്ത്രണങ്ങളേക്കാൾ ശ്രേഷ്ഠമാണെന്നുമുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. ബി ആർ എസ് നേതാവ് കെ കവിതക്ക് ജാമ്യം പരിഗണിക്കുന്ന വേളയിലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹായി പ്രേം പ്രകാശിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും സുപ്രീം കോടതി സമാനമായ നിരീക്ഷണം നടത്തിയിരുന്നു. വേഗത്തിലുള്ള വിചാരണയും സ്വാതന്ത്ര്യവും ആർക്കും ചോദ്യം ചെയ്യാനാകാത്ത പവിത്രമായ അവകാശമാണെന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിക്കുന്ന വേളയിൽ സുപ്രീം കോടതി ഓർമപ്പെടുത്തുകയുണ്ടായി. യു എ പി എ ചുമത്തി 2015ൽ കസ്റ്റഡിയിലെടുത്ത ശേഖ് ജാവേദ് ഇഖ്ബാലിന്റെ കേസിലും സമാന പരാമർശമുണ്ടായിട്ടുണ്ട്.

വിചാരണാ തടവുകാരെ തടങ്കലിൽ വെക്കാവുന്ന പരമാവധി കാലയളവുമായി ബന്ധപ്പെട്ട ബി എൻ എസ് എസിന്റെ 479ാം വകുപ്പ് രാജ്യത്തുടനീളമുള്ള എല്ലാ വിചാരണാ തടവുകാർക്കും മുൻകാല പ്രാബല്യത്തോടെ ബാധകമാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ജയിലുകളിലെ തിരക്ക് പരിഗണിച്ച് നൽകിയ പൊതുതാത്പര്യ ഹരജിയിലാണ് സുപ്രീം കോടതി മേൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒരു കുറ്റത്തിന് നിഷ്‌കർഷിച്ച പരമാവധി തടവ് കാലയളവിന്റെ പകുതി പൂർത്തിയാക്കിയാൽ വിചാരണാ തടവുകാരെ ജാമ്യത്തിൽ വിടാമെന്നാണ് നിയമം. ദശാബ്ദങ്ങളോളം നീതി നിഷേധിക്കപ്പെട്ട് വിചാരണാ തടവുകാരായി ജയിലിലടക്കപ്പെട്ട വലിയൊരു വിഭാഗം പൗരന്മാർക്ക് സുപ്രീം കോടതിയുടെ ഇത്തരത്തിലുള്ള ഇടപെടലുകൾ വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിലും ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ രാജ്യത്തെ ഓരോ പൗരനും ലഭ്യമാക്കുന്നതിലും ഇന്ത്യൻ ജുഡീഷ്യറിയുടെ പങ്ക് നിസ്തുലമാണ്. പക്ഷേ, സമയബന്ധിതവും ഫലപ്രദവുമായ നീതി നിർവഹണത്തിന് കോട്ടംവരുത്തുന്ന അനേകം വെല്ലുവിളികൾ ജുഡീഷ്യറി അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരം പ്രതിബന്ധങ്ങളെ മറികടക്കാനുള്ള ഫലപ്രദമായ മാർഗങ്ങൾ ആലോചിച്ച് നടപ്പാക്കുമ്പോൾ മാത്രമേ പൂർണാർഥത്തിലുള്ള നീതി നിർവഹണം സാധ്യമാകൂ.

Latest