flood
അപ്രതീക്ഷിത മഴയില്‍ പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയില്‍ വ്യാപക നാശ നഷ്ടം
ശബരിമല വനത്തിൽ ഉരുൾപൊട്ടി. ദേശീയ ദുരന്തനിവാരണ സേന നാളെ പത്തനംതിട്ടയിലെത്തും.
പത്തനംതിട്ട | കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് മല്ലപ്പള്ളി താലൂക്കിലെ ചുങ്കപ്പാറയില്‍ കനത്ത നാശനഷ്ടം. ചുങ്കപ്പാറയിലെ 63 കടകളില്‍ വെള്ളം കയറിയിട്ടുണ്ടെന്നും ഓണത്തിനായി സംഭരിച്ചിരുന്ന സാധനങ്ങള്‍ നശിച്ചതായും ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഇലന്തൂര്‍ വില്ലേജിലെ പട്ടംതറ കോളനിയില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ ഒന്‍പതു കുടുംബങ്ങളെ ഇലന്തൂര്‍ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി താമസിപ്പിട്ടുണ്ട്. മഴ വെള്ളപ്പാച്ചിലും മണ്ണിടിച്ചിലും പലയിടത്തും ഗതാഗതം തടസപ്പെട്ടു. ശബരിമല വനത്തിൽ ഉരുൾപൊട്ടി. പമ്പാ ത്രിവേണി ഭാഗത്ത് മണപ്പുറത്ത് വെള്ളംകയറി. ദേശീയ ദുരന്തനിവാരണ സേന നാളെ പത്തനംതിട്ടയിലെത്തും.
ഗവി പാതയിൽ അരണമുടിയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കുമളിയിൽ നിന്ന് ഗവി വഴി പത്തനംതിട്ടയിലേക്ക് വന്ന കെ എസ് ആർ ടി സി ബസ് തിരികെപോയി. കോട്ടാങ്ങല്‍ പഞ്ചായത്തിലും വെണ്ണിക്കുളത്തും വീടുകളില്‍ വെള്ളം കയറി. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പത്തനംതിട്ട എസ് പി ഓഫിസിന് മുന്നിലെ റോഡില്‍ രാവിലെ വെള്ളം കയറി ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ തോട്ടില്‍ നിന്നാണ് വെള്ളം കയറിയത്. ആദ്യമായാണ് ഇവിടെ വെള്ളം കയറുന്നത്. തോടുകളും വയലുകളും വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ കനത്ത മഴ പെയ്താല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറും. കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 63 പേരാണ് നാല് ക്യാമ്പുകളിലായി കഴിയുന്നത്. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ രണ്ട് വീതവും കോന്നി താലൂക്കില്‍ ഒന്നും ഉള്‍പ്പെടെ ആകെ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
ഏറ്റവും അധികം മഴ ലഭിച്ചത് നാരങ്ങാനത്താണ്. ഇവിടെ 190 മില്ലി മീറ്റര്‍ മഴ പെയ്തു. കക്കി ഡാമിലെ നാല് ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. പമ്പാ ഡാമില്‍ ജലം നിയന്ത്രണവിധേയമാണ്. ഇവിടെ ഷട്ടറുകള്‍ അടച്ചിരിക്കുകയാണ്. മൂഴിയാര്‍, മണിയാര്‍ എന്നിവ ചെറിയ തോതിലേ തുറന്നിട്ടുള്ളു. മണിമലയാറിലെ ജലനിരപ്പ് അപകട രേഖക്ക് മുകളിലാണ്. അച്ചന്‍കോവിലാറില്‍ ജലനിരപ്പ് വാണിംഗ് ലെവല്‍ കടന്നു. പമ്പാ നദിയിലെ ജലനിരപ്പ് നിലവില്‍ അപകടകരമായ നിലയില്‍ ഉയര്‍ന്നിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ജില്ലയില്‍ അതിശക്തമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി ജി ഗോപകുമാര്‍ പങ്കെടുത്തു.
അവധി
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കലക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.
മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്
വെള്ളം കയറി ഉണ്ടായ നാശനഷ്ടം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ മഴക്കെടുതി വിലയിരുത്തുന്നതിന് ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. തോടുകളും നീര്‍ച്ചാലുകളും നിറഞ്ഞു വീടുകളിലും, കടകളിലും വെള്ളം കയറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുഴകള്‍, വെള്ളക്കെട്ടുകള്‍, തോടുകള്‍ എന്നിവയില്‍ ആരും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഇറങ്ങരുത്. എല്ലാവരും ജാഗ്രത പുലര്‍ത്തണം. അപകട സാധ്യതാ മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ മാറി താമസിക്കണമെന്നും മന്ത്രി പറഞ്ഞു. ചുങ്കപ്പാറയ്ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് തയാറാക്കണമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. ചുങ്കപ്പാറ ടൗണിലെ കടകളിലെ മുഴുവന്‍ സാധനങ്ങളും നശിച്ചെന്നും എം പി പറഞ്ഞു. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് സ്‌കൂളിലെ ശുചിമുറി കെട്ടിടം ഇടിഞ്ഞിട്ടുണ്ടെന്നും ഇവിടെ കൂടുതല്‍ നാശനഷ്ടം സംഭവിക്കാതിരിക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ വകുപ്പ് തലത്തില്‍ സ്വീകരിക്കണമെന്നും മാത്യു ടി തോമസ് എം എല്‍ എ ആവശ്യപ്പെട്ടു. ചുങ്കപ്പാറയില്‍ വലിയ നാശ നഷ്ടമാണുണ്ടായിട്ടുള്ളതെന്നും പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്ന് പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു.