Kerala
കുസാറ്റിലേത് കേട്ടുകേള്‍വിയില്ലാത്ത ദുരന്തം; ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി: മന്ത്രി രാജന്‍
ഇത്തരം കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണവും നിബന്ധനകളും കൊണ്ടുവരും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം നല്‍കും.
കൊച്ചി | കുസാറ്റിലെ ദാരുണ സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയതായി റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍. കേട്ടുകേള്‍വിയില്ലാത്ത ദുരന്തമാണ് കുസാറ്റ് കാമ്പസില്‍ നടന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണവും നിബന്ധനകളും കൊണ്ടുവരും.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്തും. ഇതിനുള്ള എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും.
ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ഥികളായ അതുല്‍ തമ്പി, ആന്‍ റുഫ്ത, സാറ തോമസ് എന്നിവരുടെ മൃതദേഹങ്ങള്‍ കുസാറ്റില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രിമാരായ ആര്‍ ബിന്ദു, പി രാജീവ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, ജനപ്രതിനിധികളായ ബെന്നി ബെഹ്നാന്‍, ഹൈബി ഈഡന്‍, ജെ ബി മേത്തര്‍, എ എ റഹീം, ജോണ്‍ ബ്രിട്ടാസ്, അന്‍വര്‍ സാദത്ത്, ഉമാ തോമസ്, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.