Connect with us

Kerala

ഹൈക്കോടതിക്ക് സമീപം കമ്പിയില്‍ കോര്‍ത്ത നിലയില്‍ നഗ്നമായി അജ്ഞാത മൃതദേഹം

മംഗളവനത്തിന്റെ ഉള്ളിലായി സി എം എഫ് ആര്‍ ഐ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടത്

Published

|

Last Updated

കൊച്ചി | കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തില്‍ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ അജ്ഞാത മൃതദേഹം. ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്റെ ഉള്ളിലായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി എം എഫ് ആര്‍ ഐ) ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് മൃതദേഹം കണ്ടത്.

ഗേറ്റിന് മുകളിലായുള്ള കമ്പിയില്‍ പൂര്‍ണ നഗ്‌നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്‌കനാണ് മരിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്റെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് സി സി ടി വി ഇല്ല. രാത്രിയില്‍ ആളുകളെ ഇവിടേക്ക് കയറ്റാറില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ദുരൂഹ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും കൊച്ചി ഡി സി പി കെ എസ് സുദര്‍ശന്‍ പറഞ്ഞു. മംഗളവനം പക്ഷി സങ്കേതത്തിലെ സംരക്ഷിത മേഖലയില്‍ രാവിലെ ആളുകള്‍ നടക്കാനിറങ്ങുന്ന സ്ഥലത്തിന് സമീപമാണ് മൃതദേഹം കണ്ടത്.

പ്രദേശത്ത് നഗ്നനായി അലയുന്ന ആളാണ് മരിച്ചതെന്നും ഇയാള്‍ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ കമ്പി തുളച്ചു കയറിയതായിരിക്കാമെന്നും പോലീസ് പറഞ്ഞു.