Uae
ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസിന് ഏകീകൃത സംവിധാനം
രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിൽ എവിടെയും ജോലി ചെയ്യാൻ മെഡിക്കൽ പ്രൊഫഷണലുകളെ പ്രാപ്തരാക്കും.
ദുബൈ| ആരോഗ്യ പ്രവർത്തനത്തിനുള്ള അനുമതിക്ക് യു എ ഇയിൽ ഏകീകൃത സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ (മോഹാപ്) ലൈസൻസിംഗ് ആൻഡ് അക്രഡിറ്റേഷൻ വകുപ്പ് ആക്ടിംഗ് ഡയറക്ടർ അല്ല മൻസൂർ യഹ്്യ അറിയിച്ചു. ലൈസൻസ് നൽകുന്നതിനായി യു എ ഇ ഒരു ഏകീകൃത ദേശീയ പ്ലാറ്റ്ഫോം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ലൈസൻസിംഗ് പ്രക്രിയ ലളിതമാകും. രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിൽ എവിടെയും ജോലി ചെയ്യാൻ മെഡിക്കൽ പ്രൊഫഷണലുകളെ പ്രാപ്തരാക്കും.
ആരോഗ്യ മേഖലയിലെ ഒരു ദേശീയ പദ്ധതിയാണിത്. ആരോഗ്യ സ്ഥാപനങ്ങളെയും ഒരു പ്ലാറ്റ്ഫോമിലേക്ക് ഏകീകരിക്കുന്നു. നിലവിൽ, ഓരോ സ്ഥാപനത്തിനും ആവശ്യകതകളെ അടിസ്ഥാനമാക്കി ആരോഗ്യ പ്രൊഫഷണലുകൾക്ക് ലൈസൻസ് നൽകുന്നുണ്ട്. പുതിയ സംവിധാനത്തിലൂടെ, ഈ പ്രക്രിയകളെ ഏകീകരിക്കാനും ആവർത്തിച്ചുള്ള ആവശ്യകതകൾ കുറക്കാനും നടപടിക്രമങ്ങൾ ലഘൂകരിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഇത് ഉടൻ ആരംഭിക്കുമെന്ന് യഹ്്യ സ്ഥിരീകരിച്ചു.
ഏകീകൃത പ്ലാറ്റ്ഫോം ആരോഗ്യ പ്രൊഫഷനലുകൾക്ക് ലൈസൻസ് നേടുന്നതിന് ആവശ്യമായ സമയവും പരിശ്രമവും ഗണ്യമായി കുറക്കും. യു എ ഇയിലെ പൊതു, സ്വകാര്യ ആശുപത്രികളിൽ പ്രൊഫഷണലുകൾക്ക് എളുപ്പത്തിൽ പ്രാക്ടീസ് ചെയ്യാൻ ഇത് അനുവദിക്കും. ഇത് പരിവർത്തനങ്ങൾ സുഗമമാക്കുകയും ആരോഗ്യ സംരക്ഷണ മേഖലയിലെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.
സൗകര്യ ഉടമകൾ, ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, അനുബന്ധ മെഡിക്കൽ സ്പെഷ്യലിസ്റ്റുകൾ, സാങ്കേതിക ജീവനക്കാർ എന്നിവരുൾപ്പെടെ ആരോഗ്യ മേഖലയിലെ പങ്കാളികളെയെല്ലാം പുതിയ നീക്കം ലക്ഷ്യമിടുന്നു.