Connect with us

AMBULANCE

കേരളത്തില്‍ ഇനി ഏകീകൃത ആംബുലന്‍സ് നിരക്ക്

10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ്ജ് ഉണ്ടായിരിക്കില്ല. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് യൂനിഫോമും നിലവില്‍ വരും

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറി. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ്ജ് ഉണ്ടായിരിക്കില്ല. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് യൂനിഫോമും നിലവില്‍ വരും.

തിരുവനന്തപുരത്ത് ആംബുലന്‍സ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. വെന്റിലേറ്റര്‍ സി, ഡി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകളില്‍ ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് 20 ശതമാനം നിരക്ക് കുറവ് നല്‍കാമെന്ന് ആംബുലന്‍സ് ഉടമകള്‍ അറിയിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കാന്‍സര്‍ രോഗികള്‍, 12 വയസില്‍ താഴെയുള്ള രോഗാവസ്ഥയിലുള്ള കുട്ടികള്‍ എന്നിവര്‍ക്ക് കിലോമീറ്ററിന് രണ്ടു രൂപ വീതം കുറവും നല്‍കാന്‍ തയാറായിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ല എന്ന് യോഗത്തില്‍ ആംബുലന്‍സുടമകള്‍ സര്‍ക്കാറിനെ അറിയിച്ചു.

ഐ സി യു, വെന്റിലേറ്റര്‍ സൗകര്യമുള്ള ഡി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് ചാര്‍ജ് 350 രൂപയുമായിരിക്കും. ടെക്‌നീഷ്യന്‍, ഡോക്ടര്‍ എന്നിവരുടെ സേവനം ആംബുലന്‍സില്‍ ലഭിക്കും. ട്രാവലര്‍ ആംബുലന്‍സുകള്‍ എസി, ഓക്‌സിജന്‍ സൗകര്യമുള്ള സി വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 1,500 രൂപയും വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റര്‍ നിരക്ക് 40 രൂപയുമായിരിക്കും.

ബി വിഭാഗത്തിലുള്ള നോണ്‍ എ.സി ട്രാവലര്‍ ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 1,000 രൂപയും വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റര്‍ നിരക്ക് 30 രൂപയുമായിരിക്കും. ഓമ്‌നി, ഈക്കോ, ബോലേറോ തുടങ്ങിയ ആര്‍ ടി ഒ അംഗീകരിച്ച എ സിയുള്ള എ വിഭാഗത്തിലുള്ള ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 800 രൂപയും വെയ്റ്റിങ് ചാര്‍ജ് 200 രൂപയും കിലോമീറ്റര്‍ നിരക്ക് 25 രൂപയുമായിരിക്കും. ഇതേ വിഭാഗത്തിലെ നോണ്‍ എ സി വാഹനങ്ങള്‍ക്ക് മിനിമം ചാര്‍ജ് 600 രൂപയും വെയ്റ്റിങ് ചാര്‍ജ് മണിക്കൂറിന് 150 രൂപയും കിലോമീറ്റര്‍ നിരക്ക് 20 രൂപയുമായിരിക്കും.

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും ഐ ഡി കാര്‍ഡും മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് നേവി ബ്ലൂ ഷര്‍ട്ടും കറുത്ത പാന്റുമായിരിക്കും യൂണിഫോം. ഡ്രൈവിംഗില്‍ കൂടുതല്‍ പ്രായോഗിക പരിശീലനമായിരിക്കും നല്‍കുക. ആംബുലന്‍സ് താരിഫുകള്‍ രോഗിയോടൊപ്പമുള്ളവര്‍ക്ക് കാണാന്‍ കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കും. ആംബുലന്‍സ് ലഭിക്കാന്‍ നിലവിലുള്ള 9188961100 എന്ന നമ്പറിനൊപ്പം പ്രത്യേക വാട്‌സ്ആപ്പ് നമ്പരുകളും നിലവില്‍ വരും. ആംബുലന്‍സുകളില്‍ ലോഗ് ബുക്കുകള്‍ സൂക്ഷിക്കുന്നത് കര്‍ശനമാക്കുന്നതിലൂടെ പരമാവധി ദുരുപയോഗം തടയാനാണ് ശ്രമിക്കുന്നത്. ഗതാഗത വകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

---- facebook comment plugin here -----

Latest