Connect with us

From the print

ഏക സിവില്‍ കോഡ് ഉത്തരാഖണ്ഡില്‍ പ്രാബല്യത്തില്‍

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം.

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് (യു സി സി) പ്രാബല്യത്തില്‍. സ്വാതന്ത്ര്യത്തിനു ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. നിയമം പ്രാബല്യത്തില്‍ വന്നതോടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും. ഇക്കാര്യങ്ങളില്‍ നിലവിലുള്ള മതനിയമങ്ങള്‍ ഇതോടെ അസാധുവാകും.

യു സി സി ചട്ടങ്ങള്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പുറത്തിറക്കി. വിവാഹം, വിവാഹമോചനം, ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് എന്നിവക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇതിനുള്ള വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കുള്‍പ്പെടെ നിയമം ബാധകമാണ്. പട്ടികവര്‍ഗ വിഭാഗക്കാരെയും ചില പ്രത്യേക സമുദായങ്ങളെയും നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ നിയമ രൂപവത്കരണത്തിനായി പ്രത്യേകം സമിതിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നിയമസഭ പാസ്സാക്കിയ ബില്ലിന് മാര്‍ച്ചില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയിരുന്നു.

നിയമം പ്രാബല്യത്തില്‍ വന്നതോടെ ബഹുഭാര്യാത്വം, ബഹുഭര്‍തൃത്വം നിയമവിരുദ്ധമായി. മതാചാര പ്രകാരം വിവാഹം കഴിക്കാമെങ്കിലും 60 ദിവസത്തിനുള്ളില്‍ യു സി സി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരുപോലെയായിരിക്കുമെന്നും നിയമം അനുശാസിക്കുന്നു.

 

Latest