uniform civil code and kerala assembly
ഏക സിവിൽ കോഡ് പ്രമേയം: കേരള സർക്കാറിനെ അഭിനന്ദിച്ച് മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ്
മറ്റ് സംസ്ഥാനങ്ങളും പ്രമേയം പാസ്സാക്കണമെന്ന്
കോഴിക്കോട് | ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള സംഘ് പരിവാർ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരള സർക്കാറിന് മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡിന്റെ അഭിനന്ദനം. ബിഹാറും ഈ രീതിയിൽ നീങ്ങിയിട്ടുണ്ടെന്നും എൻ ഡി എ ഇതര കക്ഷികൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഇപ്രകാരം പ്രമേയം പാസ്സാക്കണമെന്നും പേഴ്‌സണൽ ബോർഡ് വക്താവ് ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്ല്യാസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ പേഴ്‌സനൽ ബോർഡ് വിളിച്ചുചേർക്കുന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ സംഗമത്തിന്റെ ഭാഗമായി കേരളത്തിൽ സംഘടിപ്പിച്ച നേതാക്കളുടെ യോഗത്തിലും അദ്ദേഹം സംസാരിച്ചു. ഏക സിവിൽ കോഡ് വിഷയത്തിൽ മുഴുവൻ ജനവിഭാഗങ്ങളെയും ചേർത്തു നിർത്തുന്ന സമീപനമാണ് ബോർഡ് സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി വിവിധ മതനേതാക്കളുടെ മീറ്റിംഗ് ബോർഡ് സംഘടിപ്പിച്ചു. ഏക സിവിൽ കോഡ് എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും ഒരുമിച്ച് ഇതിനെ ചെറുക്കണമെന്നും മീറ്റിംഗിൽ മതനേതാക്കൾ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു. വ്യക്തിനിയമങ്ങളെ സംരക്ഷിക്കുക, ശരീഅത്തിന്റെ ആവശ്യകത വിശ്വാസികളെ ബോധ്യപ്പെടുത്തൽ, വിവിധ സമുദായങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് പേഴ്‌സനൽ ബോർഡിന്റെ പ്രധാന ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങൾ മറച്ചുവെക്കാൻ കൂടിയാണ് ധ്രുവീകരണ സ്വഭാവമുള്ള അജൻഡകൾ ഭരണകൂടം പുറത്തെടുക്കുന്നത്. ഏക സിവിൽ കോഡ് വിഷയം വേണ്ട രീതിയിൽ ഫലിക്കാത്തതിനാലാണ് ഗ്യാൻവ്യാപിയിലേക്ക് നീങ്ങിയിരിക്കുന്നത്. സംഘ്പരിവാറിന്റെ വംശീയ അജൻഡകൾ ഫലപ്രദമായി നടപ്പാക്കാനുള്ള എല്ലാ നീക്കവും രാജ്യത്തെ മാരകമായി പരുക്കേൽപ്പിക്കുന്നതാണ്. ഹരിയാനയിലും മണിപ്പൂരിലും നീതി നടപ്പാക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എക്‌സിക്യൂട്ടീവ് അംഗം ഹാഫിള് അബ്ദുശുക്കൂർ ഖാസിമി, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം, വൈസ് പ്രസിഡന്റുമാരായ എം സി മായിൻ ഹാജി, ഉമർ പാണ്ടികശാല, ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ഉമ്മർ ഫൈസി മുക്കം, നാസർ ഫൈസി കൂടത്തായി, എം ഐ അബ്ദുൽ അസീസ് പങ്കെടുത്തു.