National
ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് ഇന്ന് മുതല്‍ നിലവില്‍ വരും
യുസിസി നടപ്പിലാകുന്നതോടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും
റാഞ്ചി | രാജ്യത്ത് ആദ്യമായി , ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കും. വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്‌സൈറ്റ് തിങ്കളാഴ്ച ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്യും.യുസിസി നടപ്പിലാകുന്നതോടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും.
ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ സ്വത്തവകാശം, ലിവിങ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു.ഏക സിവില്‍ കോഡ് ഉത്തരാഖണ്ഡ് 2024 ബില്‍ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയില്‍ പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാര്‍ച്ച് 12 ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു