Connect with us

UNION BUDGET2023

കേന്ദ്ര ബജറ്റ്: സ്കൂൾ വിദ്യാഭ്യാസത്തിൽ നാമമാത്ര വർധനയെന്ന് വിദ്യാഭ്യാസ മന്ത്രി

ഉച്ചഭക്ഷണത്തിന് ഇത്തവണ ബജറ്റിൽ 11,600 കോടിയായി പരിമിതപ്പെടുത്തുകയാണ് ഉണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം | 2022 – 23ലെ കേന്ദ്ര ബജറ്റിനേക്കാൾ നാമമാത്രമായ വർധനവാണ് സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഇത്തവണ ഉണ്ടായിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തിന് 68,804.85 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2022 – 23ൽ 63,449.37 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ ബജറ്റ് റിവൈസ് ചെയ്തപ്പോൾ അത് 59,052.78 കോടിയായി ചുരുക്കി.

പ്രീ സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തും എന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും തുടർന്നുള്ള പരിപാടിയിലും അതിന്റെ പാഠ്യപദ്ധതി ചട്ടക്കൂടിലും ഇക്കാര്യങ്ങൾ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ ബജറ്റിൽ ഇത് പ്രതിഫലിക്കുന്നില്ല. സ്വകാര്യസംരംഭകരുടെ പങ്ക് കൂടുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയാണ് കേന്ദ്ര സർക്കാർ ഇത്തരം പദ്ധതികൾക്ക് തുക കൈമാറുന്നത്. കഴിഞ്ഞ ബജറ്റിൽ സമഗ്ര ശിക്ഷയ്ക്ക് 37,353.36 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഈ വർഷം 37,453.47 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നാമമാത്ര വർധന. ഇതിലും കഴിഞ്ഞ തവണത്തെ റിവൈസഡ് ബഡ്ജറ്റിൽ വെട്ടിച്ചുരുക്കൽ ഉണ്ടായിരുന്നു. ഇത്തവണ എന്താണ് ഉണ്ടാകുന്നതെന്ന് കാത്തിരുന്നു കാണാം.

ബജറ്റ് എന്നത് കേവലം പ്രഖ്യാപനത്തിന്റെ ഉപാധിയായി മാത്രം കാണുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊവിഡിന് ശേഷം ദേശീയ തലത്തിൽ വിദ്യാഭ്യാസരംഗം പൂർവസ്ഥിതിയിൽ പൂർണമായും എത്തിയില്ല എന്നതാണ് വാർത്തകളിൽ കാണുന്നത്. കുട്ടികൾക്ക് പഠന പിന്തുണ ഏറെ വേണ്ട സമയമാണിത്. ദേശീയ വിദ്യാഭ്യാസ നയത്തിൽ ജി ഡി പിയുടെ ആറ് ശതമാനം വിദ്യാഭ്യാസ കാര്യങ്ങൾക്ക് നീക്കിവെക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ, പുതിയ ബജറ്റ് വന്നപ്പോൾ ജി ഡി പിയുടെ മൂന്ന് ശതമാനത്തിൽ വിദ്യാഭ്യാസ മേഖല ഒതുങ്ങണോ എന്ന സംശയമാണ് ഉണ്ടാവുക. സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തണമെന്ന് പറയുന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിൽ ആത്മാർഥതയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഉച്ചഭക്ഷണ പദ്ധതിക്ക് കഴിഞ്ഞ തവണ 10233.75 കോടി രൂപയാണ് നീക്കിവെച്ചത്. ബജറ്റ് റിവൈസ് ചെയ്തപ്പോൾ അത് 12,800 കോടി രൂപയായി വർധിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകണമല്ലോ. എന്നാൽ ഉച്ചഭക്ഷണത്തിന് ഇത്തവണ ബജറ്റിൽ 11,600 കോടിയായി പരിമിതപ്പെടുത്തുകയാണ് ഉണ്ടായത്. പ്രീ സ്കൂൾ കുട്ടികൾക്ക് കൂടി ഉച്ചഭക്ഷണം നൽകണമെന്ന് ഒരുഭാഗത്ത് പറയുമ്പോൾ യഥാർഥത്തിൽ ബജറ്റ് റിവൈസ് ചെയ്യുമ്പോൾ ഉണ്ടാക്കിയ തുകയേക്കാൾ കുറവാണ് ഇത്തവണത്തെ നീക്കിയിരിപ്പ്.

പി എം സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ എന്ന് പറഞ്ഞുകൊണ്ട് 4,000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്താൻ ആണോ ഈ തുക ഉപയോഗിക്കുക?
സംസ്ഥാന സർക്കാരുകൾക്കുള്ള ഗ്രാൻഡ് ഇൻ എയ്ഡിന്റെ കാര്യത്തിലും നാമമാത്രമായ വർധനവ് മാത്രമേ കാണുന്നുള്ളൂ. ചുരുക്കത്തിൽ ദേശീയതലത്തിൽ 6 – 7 കോടിയോളം കുട്ടികൾ വിദ്യാഭ്യാസ ധാരയ്ക്ക് പുറത്തുണ്ടെന്ന് പറയുമ്പോൾ സ്കൂളിനു വെളിയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം അവകാശമാക്കി മാറ്റാനുള്ള കാര്യത്തിൽ സർക്കാർ ആത്മാർഥത കാണിക്കുന്നില്ല എന്നതാണ് ബജറ്റ് രേഖ ഒറ്റനോട്ടത്തിൽ ചൂണ്ടിക്കാട്ടുന്നത്. ദേശീയതലത്തിൽ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു ചോദ്യചിഹ്നം ആകും എന്നർഥമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----

Latest