Union Budget 2023
കേന്ദ്ര ബജറ്റ്: കണ്ടല്‍ വനം സംരക്ഷിക്കപ്പെടും
മിഷ്ടി പദ്ധതിയില്‍ വലിയ പ്രതീക്ഷ
ന്യൂഡല്‍ഹി | രാജ്യത്തെ കണ്ടല്‍ വനങ്ങളുടെ സംരക്ഷണത്തിന് മിഷ്ടി എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്.
കടലില്‍ വേലിയേറ്റ വേലിയിറക്ക പ്രദേശത്തും നദികളുടെ കായല്‍ കടല്‍ ചേരുന്ന സ്ഥലത്തും സുപ്രധാന പാരിസ്ഥിതിക പ്രാധാന്യമുള്ള കാടുകളെയാണ് കണ്ടല്‍ വനങ്ങള്‍. ഉപ്പു കലര്‍ന്ന വെള്ളത്തില്‍ വളരുന്ന ഈ നിത്യ ഹരിത സസ്യം വിവിധ തരം മത്സ്യങ്ങളുടേയും ജലജീവികളുടേയും ആവാസ വ്യവസ്ഥയില്‍വലിയ പങ്കു വഹിക്കുന്നു.
പ്രകൃതിയുടെ നേഴ്‌സറി എന്നു വിളിക്കുന്ന ഈ സസ്യ സമ്പത്ത് വലിയ വെല്ലുവിളി നേരിടുകയാണ്. വികസനത്തിന്റെ പേരില്‍ വന്‍തോതില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നത് രാജ്യത്ത് വര്‍ധിക്കുകയാണ്.
കേരളത്തില്‍ മാത്രം 700 ച കി.മീ കണ്ടല്‍ കാടുകള്‍ ഉണ്ടായിരുന്നത് ഇന്ന് വെറും 17 ച കി മീ ആയി കുറഞ്ഞിരിക്കുന്നു.
ഇവയില്‍ കണ്ണൂര്‍ തീരത്ത് 755 ഹെക്ടര്‍, കോഴിക്കോട് 293 ഹെക്ടര്‍, ആലപ്പുഴ 90 ഹെക്ടര്‍, എറണാകുളം 260 ഹെക്ടര്‍, കോട്ടയം 80 ഹെക്ടര്‍ എന്നിങ്ങനെയാണ് കണ്ടാല്‍ വനങ്ങള്‍ അവശേഷിക്കുന്നത്.
ഇപ്പോള്‍ നിലനില്‍കുന്ന കുറച്ചു കണ്ടല്‍ കാടുകള്‍ വികസനത്തിന്റെ പേരില്‍ വെട്ടി നശിപ്പിക്കുന്നതു തടയാന്‍ മിഷ്ടി പദ്ധതി വഴിയൊരുക്കുമെന്നാണു പ്രതീക്ഷ.
മത്സ്യ സമ്പത്തിന്റെ ഉറവിടമായ കണ്ടാല്‍ കാടുകള്‍ ദേശാടന പക്ഷികള്‍ക്കും ജല പക്ഷികള്‍ക്കും ആവാസമൊരുക്കുന്നു. മലിനീകരണം, കരയിടിച്ചില്‍, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ തടയുന്നതിലും കണ്ടല്‍ക്കാടുകള്‍ മുഖ്യ പങ്കു വഹിക്കുന്നു. തമിഴ്‌നാട്ടില്‍ ചെന്നൈക്ക് സമീപം പിച്ചാവരം, മുത്തുപേട് എന്നീ സ്ഥലങ്ങള്‍ സുനാമി ദുരന്തത്തില്‍ നിന്നും ഒഴിവായത് അവിടെയുള്ള കണ്ടല്‍ കാടുകള്‍ മൂലമാണെന്നു വ്യക്തമായിരുന്നു.
കോറല്‍ പാറകളെ സംരക്ഷിക്കുകയും മത്സ്യങ്ങള്‍ക്ക് പ്രജനന സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന കണ്ടലുകള്‍ രാജ്യത്തിനു ചെയ്യുന്ന സേവനങ്ങള്‍ വളരെ വിലപെട്ടതാണെന്നാണു വിലയിരുത്തപ്പെടുന്നത്.
കണ്ടല്‍ കാടുകള്‍ ടൂറിസത്തേയും സഹായിക്കുന്നു. ദേശാടന പക്ഷികളുടെ വലിയ കൂട്ടങ്ങള്‍ തന്നെ കണ്ടല്‍ കാടുകളില്‍ വന്നു ചേരുന്നുണ്ട്.
കണ്ടല്‍ നടുന്നവര്‍ക്ക് പ്രോത്സാഹനവും നശിപ്പിക്കുന്നവര്‍ക്കു ശിക്ഷയും ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.
വിവിധ രാജ്യങ്ങള്‍ കണ്ടലിന്റെ പ്രാധാന്യം മനസ്സിലാക്കി കണ്ടല്‍ വന പുനരുദ്ധാരണത്തിനു തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് കേന്ദ്ര ബജറ്റ് മിഷ്ടി പദ്ധതി പ്രഖ്യാപിക്കുന്നത്. ഇന്ത്യയില്‍ കണ്ടല്‍ കാടുകളുടെ സംരക്ഷണത്തിന് സി ആര്‍ സെഡ് നിയമത്തിന്റെ വ്യവസ്ഥയുണ്ടെങ്കിലും നടപ്പാക്കി വരുന്നില്ല. സര്‍ക്കാര്‍ പല പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും ഫലപ്രദമായി നടപ്പില്‍ വന്നിരുന്നില്ല. ഈ ഘട്ടത്തിലാണ് പ്രതീക്ഷയോടെ മിഷ്ടി പദ്ധതി ബജറ്റ് പ്രഖ്യാപനത്തില്‍ ഇടം പിടിച്ചത്.