National
LIVE: ബജറ്റ് അവതരണം തുടങ്ങി; എല്ലാ വിഭാഗങ്ങളെയും ഉദ്ദേശിച്ചുള്ള ബജറ്റെന്ന് ധനമന്ത്രി
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്.
ന്യൂഡൽഹി | 2023-24 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലിമെന്റിൽ അവതരിപ്പിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉദ്ദേശിച്ചുള്ള ബജറ്റാണ് ഇത്തവണത്തെതെന്ന് ധനമന്ത്രി പറഞ്ഞു. ലോകം ഇന്ത്യയുടെ വളർച്ചയെ അംഗീകരിച്ചെന്നും അവർ വ്യക്തമാക്കി.
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ, ജനജീവിതം മെച്ചപ്പെടുത്താൻ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ ഈ ബജറ്റിൽ എന്ത് സമ്മാനമാണ് നൽകാൻ പോകുന്നത് എന്നാണ് ജനങ്ങൾ കാത്തിരിക്കുന്നത്. ആദായ നികുതി ഇളവ് ഉൾപ്പെടെ സുപ്രധാ പ്രഖ്യാപനങ്ങൾ ജനം പ്രതീക്ഷിക്കുന്നുണ്ട്.
പണപ്പെരുപ്പം, തൊഴിലവസരങ്ങൾ കുറയൽ, ആഗോള മാന്ദ്യം, അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് എന്നിവ കണക്കിലെടുത്ത് ഇത്തവണത്തെ ബജറ്റ് ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്. ബജറ്റിൽ ഉജ്ജ്വല, ആയുഷ്മാൻ തുടങ്ങിയ ക്ഷേമപദ്ധതികളിലെ വിഹിതം വർധിപ്പിക്കാൻ ധനമന്ത്രിക്ക് കഴിയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
2022-23 സാമ്പത്തിക അവലോകനത്തിൽ, അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 6.5 ശതമാനമായി കുറയുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും റിപ്പോർട്ട് പറയുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ (2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) വളർച്ചാ നിരക്ക് ഏഴ് ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു. കഴിഞ്ഞ വർഷം ഇത് 8.7 ശതമാനമായിരുന്നു.